കാഞ്ഞിലേരി എൽ.പി. സ്കൂളിന് കെട്ടിടം നിർമിക്കാൻ 1.55 കോടിയുടെ ഭരണാനുമതി

മാലൂർ : കാഞ്ഞിലേരി ഗവ. എൽ.പി. സ്കൂളിന് കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നും 1.55 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായെന്ന് കെ.കെ. ശൈലജ എം.എൽ.എ. അറിയിച്ചു. 1904-ൽ നിർമിച്ച സ്കൂളിന്റെ നിലവിലെ കെട്ടിടം 120 വർഷത്തോളം പഴക്കമുള്ളതാണ്. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 110 വിദ്യാർഥികളാണ് നിലവിലുള്ളത്.
പ്രീ പ്രൈമറി ക്ലാസുകളും സ്കൂളിലുണ്ട്. സ്കൂൾ കെട്ടിടം പുതുക്കിപണിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ജനപ്രതിനിധികളും അധ്യാപകരും കെ.കെ. ശൈലജ എം.എൽ.എ.ക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിനോട് കെട്ടിടം പണിയാൻ അടങ്കൽ തയ്യാറാക്കാൻ എം.എൽ.എ. നിർദേശിച്ചു. ഇതേതുടർന്ന് 1.55 കോടി രൂപയുടെ അടങ്കൽ തയ്യാറാക്കി.