ഗസ്റ്റ് അധ്യാപകനില്‍ നിന്ന് കൈക്കൂലി വാങ്ങി; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ കുടുങ്ങി

Share our post

കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ വിജിലന്‍സിന്റെ പിടിയില്‍. സോഷ്യല്‍വര്‍ക്ക് ഡിപാര്‍ട്ടുമെന്റിലെ എ.കെ. മോഹന്‍ ആണ് വിജിലന്‍സിന്റെ കെണിയില്‍ കുടുങ്ങിയത്. സോഷ്യല്‍വര്‍ക്ക് ഡിപാര്‍ട്ടുമെന്റില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി ജോലിചെയ്തിരുന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.

പരാതിക്കാരന്റെ ജോലിയുടെ കാലാവധി 2023 ഡിസംബറില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് കരാര്‍ പുതുക്കിനല്‍കാമെന്നും പി.എച്ച്.ഡിക്ക് അഡ്മിഷന്‍ ശരിയാക്കാമെന്നും പറഞ്ഞ് കൈക്കൂലിയായി രണ്ടുലക്ഷം രൂപ മോഹന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് വടക്കന്‍മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മോഹനായി കെണിയൊരുക്കി. ആദ്യഗഡുവായ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മോഹനെ പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജാക്കും.

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ 1064 എന്ന വിജിലന്‍സ് ടോള്‍ ഫ്രീ നമ്പറിലോ വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്നതിലോ 8592900900 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ.വിനോദ്കുമാര്‍ അഭ്യര്‍ഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!