കണ്ണൂർ വിമാനത്താവളം: നിരക്ക് ഏകീകരണം പരിഗണിക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിലെ സർവീസുകളുടെ എണ്ണം കൂട്ടാനും യാത്രാനിരക്ക് മറ്റ് വിമാനത്താവളങ്ങളിലെ നിരക്കുമായി ഏകീകരിക്കുന്നതിനുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
കണ്ണൂരിലെ ട്രാവൽ ഏജൻസികൾ നിർദേശിച്ച വിവിധ ആവശ്യങ്ങൾ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. മുംബൈ, ഹൈദരാബാദ്, ശ്രീനഗർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് ദിവസവും ആഭ്യന്തര സർവീസുകളും തായ്‍ലാൻഡ്, സിംഗപ്പുർ, മലേഷ്യ, കൊളംബോ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് ആഴ്ചയിൽ രണ്ടുതവണയെങ്കിലുമുള്ള വിമാനസർവീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
ചേംബർ പ്രസിഡന്റ് ടി.കെ. രമേശ്കുമാർ, സെക്രട്ടറി സി. അനിൽകുമാർ, കിയാൽ എം.ഡി.സി. ദിനേഷ് കുമാർ, എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലോക് സിങ്, ചീഫ് കൊമേഴ്സ്യൽ ഓഫീസർ അംകൂർഗാർഗ് തുടങ്ങിയവർ പങ്കെടുത്തു.