യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ ഇന്ന് പുലർച്ചെ പത്തനംതിട്ട അടൂരിൽ വെച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നിലവിൽ അടൂരിലെ വീട്ടിൽനിന്നും പൊലീസ് രാഹുലിനെ കൊണ്ടുപോയി.
ഇക്കഴിഞ്ഞ ഡിസംബറിൽ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി.ഡി. സതീശൻ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തിരുന്നത്. വി.ഡി. സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്.ഐ.ആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കേസിൽ പ്രതികളാണ്.
കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചു തകർത്തിരുന്നു. കന്റോൺമെന്റ് എസ്.ഐ ഉൾപ്പടെ എട്ട് പൊലീസുകാർക്കും നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.