കണ്ണൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് മരണം

കണ്ണൂർ : ദേശീയപാതയിൽ മേലെചൊവ്വയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡിലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു. പാപ്പിനിശ്ശേരി ലിജ്‌മ റോഡ് വി.പി. ഹൗസിൽ വി.പി. സമദ് (22), പാപ്പിനിശ്ശേരി പഴഞ്ചിറ പള്ളിക്ക് സമീപ ത്തെ കുറ്റിപ്പള്ളിക്കകത്ത് വീട്ടിൽ കെ.പി. റിഷാദ് (29) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ചൊവ്വ ഭാഗത്തുള്ള ടർഫിൽ കളി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് മേലെചൊവ്വ ഗോപു നന്തിലത്ത് ജി മാർട്ടിന് സമീപത്തുവെച്ച് നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ എതിർവശത്തെ റോഡിലേക്ക് വീണ യുവാക്കളുടെ ദേഹത്ത് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വി.പി. മുസ്തഫയുടെയും പരേതയായ സമീനയുടെയും മകനാണ് സമദ്. കൊയിലാണ്ടി നന്തിയിലെ അറബിക് കോളേജ് വിദ്യാർഥിയാണ്. സഹോദരൻ: നാഫി.
അബ്ദുള്ളയുടെയും അഫ്‌സത്തിൻ്റെയും മകനാണ് റിഷാദ്. ഫ്ലിപ്‌കാർട്ടിന്റെ വിതരണത്തൊഴിലാളിയാണ്. സഹോദരങ്ങൾ: അഫ്‌സീദ്, ഫസീല, അഫ്താബ്.