ഇരട്ടത്തിളക്കവുമായി ഇരട്ടകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ട എ ഗ്രേഡ് നേട്ടവുമായി ഇരട്ടകളായ ഹൃഷികേശ് സാബുവും ദേവനന്ദ സാബുവും. കണ്ണൂർ ഒണ്ടേൻ റോഡിലെ എംജേയെസ് വീട്ടിൽ സാബു-നമിത ദമ്പതിമാരുടെ മക്കളാണീ ഇരട്ടക്കുട്ടികൾ.
കണ്ണൂർ സെയ്‌ന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയായ ഹൃഷികേശ് പഞ്ചവാദ്യം, വൃന്ദവാദ്യം എന്നീ ഇനങ്ങളിലാണ് എ ഗ്രേഡ് നേടിയത്. രണ്ടിനങ്ങളുടെയും ക്യാപ്റ്റൻകൂടിയായ ഹൃഷികേശ് പഞ്ചവാദ്യത്തിൽ മദ്ദളവും വൃന്ദവാദ്യത്തിൽ ചെണ്ടയും ഡോൾ ഡ്രമ്മുമാണ് അവതരിപ്പിച്ചത്.
ബാൻഡ്‌മേളം, കഥാപ്രസംഗം എന്നീ ഇനങ്ങളിലാണ് ദേവനന്ദയ്ക്ക് എ ഗ്രേഡ്. ബാൻഡ് മേളത്തിൽ ആദ്യമായി കണ്ണൂർ സെയ്‌ന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ്. സൈഡ് ഡ്രം വിത്ത് ടാമ്പോറിൻ ഉപകരണം അവതരിപ്പിച്ചപ്പോൾ അതു വായിച്ചത് പത്താംക്ലാസ് വിദ്യാർഥിനിയായ ദേവനന്ദയാണ്.
കഥാപ്രസംഗത്തിൽ പക്കമേളത്തിൽ തബലയും ദേവനന്ദ വായിച്ചു. ഇവർ രണ്ടുപേരും 10 വർഷമായി കണ്ണൂർ സംഗീതകലാക്ഷേത്രയിൽനിന്ന് ഉസ്താദ് ഹാരിസ് ഭായിയുടെ ശിക്ഷണത്തിൽ തബല അഭ്യസിച്ചുവരുന്നു. അച്ഛൻ സാബു 1995-96 വർഷങ്ങളിൽ കാലിക്കറ്റ് സർവകലാശാലാ കലോത്സവത്തിൽ മിമിക്രി വിജയിയാണ്. 2001-ൽ കേരളോത്സവത്തിലും മിമിക്രിയിൽ സംസ്ഥാനതലത്തിൽ വിജയിയായിട്ടുണ്ട്.