ഇത് ‘ബംഗാളി’ കർഷകൻ; കേരളത്തിൽ കൊയ്യുന്നത് പൊന്നുംവിലയുള്ള സന്തോഷം

കൊച്ചി: ‘സാമ്പാറും അവിയലും പായസവുമൊക്കെ കൂട്ടി ഒരു അടിയടിക്കണം…. കേരളം വിട്ട് പുറത്തേക്ക് പോയാലും ആദ്യം അന്വേഷിക്കുന്നത് കേരളത്തിലെ ഭക്ഷണം എവിടെ കിട്ടുമെന്നാണ്.’ ഇത്തവണ സദ്യയുടെ കേമത്തം പറയുന്നത് മലയാളിയല്ല പകരം പശ്ചിമബംഗാളുകാരനായ മിലേന്‍ഷേഖാണ്. കേരളത്തിലെ ഭക്ഷണങ്ങള്‍ എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് ചോദിക്കാന്‍ വരട്ടെ, എറണാകുളത്ത് അമ്പത് ഏക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി ചെയ്യുന്ന അതിഥി തൊഴിലാളിയാണ് മിലേന്‍ഷേഖ്.
മിലനൊപ്പം പഠിച്ച അയല്‍വാസിയും കൂട്ടുകാരനുമായ ബാബു കുടുംബത്തോടെ കേരളത്തിലേക്ക് പോയി. പക്ഷേ പത്താംക്ലാസ് കഴിഞ്ഞ് അവധിയായപ്പോഴേക്കും കൂട്ടുകാരനില്ലാത്ത സങ്കടം വലുതായി. എന്നാല്‍പ്പിന്നെ കേരളത്തിലേക്ക് വന്ന് അവനെ കണ്ടിട്ട് പോകാമെന്നു കരുതിയാണ് മിലേന്‍ ആദ്യമായി കേരളത്തിലേക്ക് വരുന്നത്. രണ്ട് മാസം അവനോടൊപ്പം നിന്നിട്ട് തിരികെ പോകണമെന്നായിരുന്നു പ്ലാന്‍. അങ്ങനെ വീട്ടുകാരോടുപോലും പറയാതെയാണ് മിലേന്‍ 2010ല്‍ പതിനഞ്ചാം വയസില്‍ കേരളത്തിലേക്കെത്തുന്നത്.
‘ കേരളത്തിലെത്തി കൂട്ടുകാരനെ കണ്ടു. പക്ഷേ രണ്ട് മാസം നില്‍ക്കണമെങ്കില്‍ കൈയില്‍ പണം വേണമല്ലോ, അങ്ങനെയാണ് ആദ്യമായി ജോലി തേടിയത്. ഒരുപാട് ജോലി തേടിയെങ്കിലും ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ ആരും ജോലി തരാന്‍ തയാറായില്ല. പിന്നീട് 150 രൂപ ദിവസക്കൂലിയില്‍ ആലുവയിലുള്ള കര്‍ഷകന്‍ ജോലി നല്‍കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറി. അവിടെ കൂലി കൂടുതല്‍ ചോദിച്ചതോടെ പിണങ്ങി ഇറങ്ങേണ്ടി വന്നു. പക്ഷേ ഇതിനോടകം തന്നെ കേരളത്തിലെ വിളകളും കൃഷിരീതിയുമെല്ലാം ഏകദേശം പഠിച്ചിരുന്നു.’
അവിടെ കൂലി ചോദിച്ച് പിണങ്ങി ഇറങ്ങേണ്ടി വന്നതോടെയാണ് സ്വന്തമായി കൃഷി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. അങ്ങനെ 2019ലാണ് കൈയിലുണ്ടായിരുന്ന കുറച്ച് പണവും ഇവിടെ തന്നെയുള്ള സുഹൃത്തുക്കളും പരിചയക്കാരുടേയുമെല്ലാം സഹായത്തോടെ ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ തുടങ്ങിയത്. സ്വന്തമായി കൃഷി ആരംഭിച്ചപ്പോഴും മറ്റൊരു സ്ഥലത്ത് ജോലിക്കു പോകുന്നുണ്ടായിരുന്നു. അവിടെ അവധി എടുത്തും വൈകുന്നേരങ്ങളിലും മറ്റുമായി കൂടുതല്‍ സമയം ചെലവിട്ടുമായിരുന്നു കൃഷി പരിപാലിച്ചത്. അത് വിജയിച്ചതോടെ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.
പക്ഷേ അതിനിടയില്‍ കൊറോണ വന്നതോടെ എല്ലാം തകിടം മറിയുന്ന സ്ഥിതിയായി. ഒരു ലക്ഷം മുടക്കുമ്പോള്‍ 80,000 രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായത്. പക്ഷേ എന്നാലും കൃഷി വേണ്ടെന്ന് വെക്കാന്‍ തോന്നിയില്ല. കൃഷി പിന്നേയും തുടരുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ ലാഭങ്ങളില്‍ നിന്ന് തുടങ്ങി വലിയ തുക ലഭിക്കാന്‍ തുടങ്ങി.
‘നഷ്ടങ്ങളുണ്ടായപ്പോഴും മണ്ണ് ചതിക്കില്ലെന്നതായിരുന്നു വിശ്വാസം. പത്ത് രൂപ പ്രതീക്ഷിച്ചിടത്ത് 30 രൂപ കിട്ടാന്‍ തുടങ്ങി’- ഇതോടെയാണ് കൂടുതല്‍ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനായി തുടങ്ങിയത്. അങ്ങനെ കുറച്ചായി തുടങ്ങി ഇപ്പോള്‍ നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങിയ സ്ഥലങ്ങളിലായി 50 ഏക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്. അന്യ സംസ്ഥാന തൊഴിലാളികളും മലയാളികളുമടക്കം മുപ്പതോളം പേരാണ് ജോലി ചെയ്യുന്നത് – മിലേന്‍ പറയുന്നു.
ഇനി സ്വന്തമായി എക്‌സ്‌പോര്‍ട്ടിങിനുള്ള സംവിധാനം ചെയ്യണം
‘ഞാന്‍ ഒരു വര്‍ഷം കൃഷി ചെയ്താല്‍ കിട്ടുന്ന ലാഭമാണ് ഇത് വില്പനക്ക് കൊടുക്കുമ്പോള്‍ ഇടനിലക്കാരന് ഒരു ദിവസം കൊണ്ട് കിട്ടുന്നത്.’ സ്വന്തമായി എക്‌സ്‌പോര്‍ട്ടിങിനുള്ള സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ ആ ലാഭം എനിക്ക് തന്നെ കിട്ടും. എങ്കില്‍ കൃഷി വിപൂലീകരിക്കാനും അഞ്ച് പേര്‍ക്കെങ്കിലും ജോലികൊടുക്കാനുള്ള സംവിധാനവും ഉണ്ടാകും. ഒരു എക്‌സ്‌പോര്‍ട്ടിങ് യൂണിറ്റ് കൂടി തുടങ്ങണം. എന്നിട്ട് ഒന്നുകൂടി മെച്ചപ്പെട്ടിട്ടുവേണം വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ – മിലേന്‍ പറയുന്നു.
സ്വന്തമായി ടച്ച് ഫോണോ, വാട്‌സ് ആപ്പോ, ഫെയിസ്ബുക്കോ ഒന്നുമില്ല. വെറുതേ ഇരിക്കുമ്പോള്‍ സമയം പോകുമെന്നതൊഴിച്ചാല്‍ എനിക്ക് അതില്‍ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഈ വകയായ ഒന്നും എനിക്കില്ല. ടച്ച് ഫോണ്‍ പോലും വാങ്ങിക്കാത്തത് അത് വെറുതേ ഇരിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണെന്ന് കരുതിയാണ്.
ആദ്യം കൃഷി, ബാക്കിയെല്ലാം പിന്നീട്
നാട്ടിലാണ് അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഉള്ളത്. ഞാന്‍ ഇപ്പോള്‍ അവിടേക്ക് പോകാറില്ല. പോയാല്‍ കൃഷിയെല്ലാം അവതാളത്തിലാകും. ആരോഗ്യമുള്ള കാലത്തല്ലേ നന്നായി അധ്വാനിക്കാന്‍ കഴിയൂവെന്നാണ് ഞാന്‍ അവരോട് പറയുന്നത്. അവര്‍ ഇവിടേക്ക് വരാറുണ്ട്. പക്ഷേ ഇവിടുത്തെ ഭക്ഷണ രീതിയൊന്നും തീരെ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇവിടേക്ക് വരാന്‍ മടിയാണ്. ഇക്കൊല്ലം ഞാന്‍ അവിടേക്ക് പോയില്ലെങ്കില്‍ അവര്‍ ഇവിടേക്ക് വരുമെന്നാണ് പറഞ്ഞിട്ടുള്ളത്. എനിക്ക് ഇവിടുത്തെ ആളുകളേയും ഭക്ഷണവും സംസ്‌കാരവുമെല്ലാം വലിയ ഇഷ്ടമാണ്. എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ ഇവിടുത്തെ സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ട്. സാമ്പാറും അവിയലുമൊക്കെ കൂട്ടി ചോര്‍ കഴിക്കുന്ന രുചി വേറെ തന്നെയാണ്. കേരളത്തിന് പുറത്തേക്ക് പോകുമ്പോഴും മിക്കപ്പോഴും ഞാന്‍ കേരള ഭക്ഷണം കിട്ടുമോയെന്നാണ് അന്വേഷിക്കാറുള്ളത്. ചപ്പാത്തിയും ഡാല്‍ കറിയുമൊക്കെ ഞാന്‍ മറന്നോയെന്ന് ചോദിച്ച് കൂട്ടുകാര്‍ കളിയാക്കാറുണ്ട്.