Kannur
സംഗീത് ബസിലെ എ.സി പ്രവർത്തിക്കുന്നത് പൂർണമായും സൗരോർജത്തിൽ; രാജ്യത്തെതന്നെ ആദ്യ ബസ്
കണ്ണൂർ : കണ്ണാടിപ്പറമ്പ് – കണ്ണൂർ ആശുപത്രി റൂട്ടിൽ ബസ് യാത്ര ഇനി വേറെ ലെവൽ. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീത് ടൂർസ് ആൻഡ് ട്രാവൽസിന്റെ പുത്തൻ ബസാണ് ശീതീകരണ സംവിധാനത്തോടെ ഇന്നു മുതൽ സർവീസ് നടത്തുന്നത്. സൗരോർജത്തിലാണ് ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്നു ബസ് ഉടമ കണ്ണാടിപ്പറമ്പ് സ്വദേശി സതീഷ് ചെമ്മരത്തിൽ പറഞ്ഞു. ദിവസവും അഞ്ച് ട്രിപ്പുകളാണ് കണ്ണൂരിനും ജില്ലാ ആശുപത്രിക്കും ഇടയിൽ ബസിനുള്ളത്.
ബസിനോട് ഇഷ്ടം ചെറുപ്പം മുതലേ
കണ്ണാടിപ്പറമ്പ് സ്വദേശിയായ സതീഷ് മുപ്പതു വർഷത്തോളമായി ദുബായിലാണ് ജോലി ചെയ്യുന്നത്. ബസിനോടുള്ള കമ്പം കാരണം 10 വർഷം മുൻപാണ് സംഗീത് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിനു നാട്ടിൽ തുടക്കമിട്ടത്. കണ്ണാടിപ്പറമ്പിൽ നിന്നു യാത്ര പുറപ്പെടുന്ന നാലു ബസുകളാണ് ഇപ്പോഴുള്ളത്. രണ്ട് ടൂറിസ്റ്റ് ബസുകളും രണ്ടു ട്രാവലറുകളും ഇവർക്കുണ്ട്.കോവിഡ് കാലത്ത് ബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും തൊഴിലാളികളെ ചേർത്തു നിർത്തി. ഡീസൽവില നൂറിലേക്ക് എത്തിയതോടെ ബസ് സർവീസുകളിൽ നിന്നു കാര്യമായ മെച്ചമൊന്നുമില്ല. എങ്കിലും നാട്ടിൽ നിന്നുള്ള സർവീസുകൾ മുടക്കാൻ സതീഷ് തയാറല്ല.
40 പേർക്ക് ഇതുവഴി തൊഴിൽ നൽകാൻ സാധിക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ പതുതിയിലേറെയും സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിലും പുതിയ ബസ് ഇറക്കാൻ സതീഷിനെ പ്രേരിപ്പിച്ചതും ഈ ബസ് പ്രേമം തന്നെ.
മെയ്ക് ഇൻ ഇന്ത്യ പരീക്ഷണം
എൻജിനുമായി ബന്ധപ്പെടുത്തിയാണ് ബസുകളിൽ ശീതീകരണ സംവിധാനം സജ്ജമാക്കാറുള്ളത്. എന്നാൽ ഇവിടെ എൻജിനുമായി ബന്ധമില്ലാത്ത തരത്തിലാണ് ക്രമീകരണം. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന തരത്തിലുള്ള സ്‌പ്ലിറ്റ് ഏസിയുടെ കംപ്രസറാണ് ബസിനെ തണുപ്പിക്കുന്നത്. ഒന്നര ടണ്ണാണ് ശേഷി. ഇതിന് മോട്ടർ വാഹന വകുപ്പിൽ നിന്നു പ്രത്യേക അനുമതി നേടിയിട്ടുണ്ടെന്ന് സതീഷ് പറഞ്ഞു.
സൂര്യൻ തരും വൈദ്യുതി
ബസിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് സോളർ പാനലുകളിൽ നിന്നുള്ള വൈദ്യുതി നേരിട്ട് എസി കംപ്രസറിലേക്ക് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. 1600 വാട്ട് ശേഷിയുള്ളതാണ് സോളർ പാനലുകൾ. ബിഎൽഡിസി ടെക്നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ എസി100 വോൾട്ട് വൈദ്യുതിയിൽ പ്രവർത്തിക്കും.
കുറഞ്ഞ അളവിലെ വൈദ്യുതി ആവശ്യമുള്ളൂ എന്നതിനാൽ ചെറിയ വെയിലുള്ളപ്പോൾ പോലും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഇവർ പറയുന്നു. രാവിലെ ആറരയ്ക്കാണ് ബസ് സർവീസ് തുടങ്ങുക. ആ സമയത്ത് വെയിൽ ഇല്ലാത്തതിനാൽ എസി പ്രവർത്തിപ്പിക്കില്ല. വെയിൽ വന്ന്, അന്തരീക്ഷം ചൂടാകുമ്പോഴേക്കും എസി ഓൺ ചെയ്യും.
ധൈര്യമായത് കൂൾവെൽ അനുഭവം
സോളർ പാനൽ സ്ഥാപിച്ച് ബസ് തണുപ്പിക്കാനുള്ള ആശയം സതീഷിനു തോന്നിയത് വെയ്ക്കിന്റെ കൂൾവെൽ സംരംഭവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനിടെയാണ്. ബസിന്റെ ബോഡി വർക്കുകൾ ചെയ്തത് തമിഴ്നാട്ടിലെ കരൂരിലെ ഗാരിജിലാണ്.
കൂൾവെലിന്റെ മാനേജിങ് പാർട്നർ അനൂപ് കുമാർ രണ്ടു തവണ ഇതിനായി ദുബായിൽ നിന്ന് കരൂരിലെത്തി ബോഡി ബിൽഡിങ് ടീമിനു മാർഗനിർദേശം നൽകി. കൂൾവെലിന്റെ സോളർ ഡിവിഷൻ ഹെഡ് വിവേക് ബാബുവിന്റെ മേൽനോട്ടത്തിലാണ് ബസിനു മുകളിൽ സോളർ പാനലുകൾ സ്ഥാപിച്ചത്.
ഭാവിയിൽ ബാറ്ററി സജ്ജമാക്കും
വെയിലില്ലാത്ത സമയങ്ങളിൽ എസി പ്രവർത്തിപ്പിക്കാൻ സോളർ വൈദ്യുതി, ബാറ്ററിയിൽ സംഭരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നു സതീഷ് പറഞ്ഞു. ലിഥിയം ബാറ്ററി ഉപയോഗിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. ബസിൽ എസി സ്ഥാപിക്കുന്നത് അറിഞ്ഞ് പലരും ബന്ധപ്പെട്ടിരുന്നു.
അവർക്കെല്ലാം സാങ്കേതിക സഹായം ലഭ്യമാക്കുമെന്നും സതീഷ് പറഞ്ഞു. അഞ്ചു ലക്ഷത്തോളം രൂപയാണ് ഈ പരീക്ഷണത്തിന് അധികം ചെലവിടേണ്ടി വന്നത്. ഇനി ചെയ്യുന്നവർക്ക് മൂന്നര ലക്ഷത്തോളം രൂപയ്ക്ക് ചെയ്യാൻ സാധിക്കുമെന്നും സതീഷ് പറയുന്നു.
പുതുമകൾ തേടി എന്നും മുന്നിൽ
മെട്രോ ട്രെയിനുകളിലും വന്ദേഭാരത് എക്സ്പ്രസിലും യാത്ര ചെയ്തവർക്ക് സ്റ്റേഷനുകൾ എത്തും മുൻപേ അനൗൺസ്മെന്റ് കേട്ട് പരിചയമുണ്ടാകും. എട്ടു വർഷം മുൻപ് കണ്ണൂർ ആശുപത്രി ബസിൽ ഈ സംവിധാനം ഏർപ്പെടുത്തി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുണ്ട് സതീഷ്.
സ്റ്റോപ്പുകൾ എത്തും മുൻപ് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും അനൗൺസ്മെന്റ് കേൾപ്പിച്ചാണ് യാത്രക്കാരെ ഞെട്ടിച്ചത്. ഇപ്പോൾ ട്രെയിനുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ജിപിഎസ് അധിഷ്ഠിത അനൗൺസ്മെന്റ് സംവിധാനമായിരുന്നു അന്ന് സതീഷ് ബസിൽ ഒരുക്കിയത്. പുതിയ ബസിലും വൈകാതെ അനൗൺസ്മെന്റ് സംവിധാനം സജ്ജമാക്കുമെന്നും സതീഷ് പറഞ്ഞു.
ഉണർവേകിയത് വെയ്ക്
കണ്ണൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയറ്റ്സിന്റെ (വെയ്ക്) തുടക്കം മുതൽ സതീഷ് ഈ കൂട്ടായ്മയ്ക്ക് ഒപ്പമുണ്ട്. പ്രവാസികളായി ജോലി ചെയ്തു തിരികെ എത്തുന്നവർക്ക് തൊഴിൽ ലഭ്യമാക്കാനായി വെയ്ക് ഇക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തിൽ തുടക്കമിട്ട എട്ടു സംരംഭങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 265 പേർ ജോലി ചെയ്യുന്നു.
കൂൾവെൽ ടെക്നിക്കൽ സർവീസസ് ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ്, ഏഴിലം ടൂറിസം, കണ്ണൂർ ഫാർമസി, കൂൾവെൽ ജനറൽ ട്രേഡിങ്, കഫേ മൈസൂൺ, പേസസ് വെൽനെസ് ഇന്ത്യ, കണ്ണൂർ പ്ലാറ്റിനം ഡ്രൈവ്, കണ്ണൂർ വ്യൂ പ്രോപ്പർട്ടീസ് എന്നിവയാണ് സംരംഭങ്ങൾ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതാണ് പുതിയ പരീക്ഷണങ്ങൾക്ക് സതീഷിന് ഊർജം പകരുന്നത്.
Kannur
കണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
കണ്ണൂർ: നഗരത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. താണ കരുവള്ളിക്കാവ് റോഡിനടുത്ത കെട്ടിടത്തിലെ സ്റ്റെയർകേസിനടുത്തായാണ് പശ്ചിമ ബംഗാൾ ജയ്പാൽഗുഡി സ്വദേശി പ്രസൻജിത്ത് പോൾ(42) എന്ന ലിറ്റൻ പോളിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിനടുത്താണ് യുവാവിനെ കണ്ടെത്തിയത്. മരണത്തിൽ സംശയം ഉയരുന്നുണ്ട്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി മുതൽ യുവാവിനെ അവിടെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Kannur
ഫ്രഷാണ്, ഫ്രഷ് വണ്ടിയിൽ നല്ല മീനെത്തും
കണ്ണൂർ: ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന് തുടക്കമിട്ട് ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമത്തിൽ ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക് നിരത്തിലിറങ്ങും. കേന്ദ്ര, സംസ്ഥാന ഫിഷറീസ് വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ട്രിക് ഓട്ടോ വിതരണം ചെയ്യുന്നത്. കേരളത്തിൽ കൊല്ലം ജില്ലയിൽമാത്രമാണ് ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌കുള്ളത്. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും ആധുനികവൽക്കരിക്കാനാണ് ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ് വില്ലേജ് ഒരുങ്ങുന്നത്. തലശേരി നഗരസഭയുടെ ഏഴ് വാർഡുകളുൾപ്പെടുന്നതാണ് ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമം. പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. തെരഞ്ഞെടുത്ത അഞ്ച് മത്സ്യവിൽപനക്കാർക്ക് ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക് നൽകുന്ന പദ്ധതിക്ക് 39 ലക്ഷമാണ് ചെലവിടുന്നത്. മത്സ്യകച്ചവടക്കാർക്ക് വീടുകളിൽചെന്ന് വിൽപ്പന നടത്താനാണ് ഓട്ടോ നൽകുന്നത്.
മത്സ്യവും മത്സ്യഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും സംഭരിക്കാനുമുള്ള സൗകര്യം ഓട്ടോയിലുണ്ടാവും. ഓർഡറുകൾ സ്വീകരിക്കാനും ബിൽ പ്രിന്റ് ചെയ്യാനുമുള്ള ആപ്പും സജ്ജമാക്കും. സ്‌റ്റോക്കിലുള്ള ഇനങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാകും. കിയോസ്‌കിൽ മത്സ്യം പ്രദർശിപ്പിക്കാനും മുറിക്കാനും വൃത്തിയാക്കാനും പ്രത്യേകം ഇടമുണ്ടാകും. 100 ലിറ്ററിന്റെ ശുദ്ധജലടാങ്കും 80 ലിറ്ററിന്റെ മലിനജലടാങ്കും ഓട്ടോയിലുണ്ടാകും. മൂന്ന് കിലോ വോൾട്ട് ജനറേറ്ററും കിയോസ്‌കിൽ ഘടിപ്പിച്ചിട്ടുണ്ട്. ഗുണഭോക്താക്കളായ മത്സ്യവിൽപ്പനക്കാർക്ക് കേരള സ്‌റ്റേറ്റ് കോസ്‌റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ പരിശീലനം നൽകും. ഓട്ടോ ചാർജിങ്ങ്, മത്സ്യപരിപാലനം, ശുചിത്വം, പാക്കിങ്, വിപണനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകും. മാർച്ചിന് മുമ്പ് ഓട്ടോ ഗുണഭോക്താക്കൾക്ക് കൈമാറും. ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ് വില്ലേജ് പദ്ധതിയുടെ ഭാഗമായി തലായി ഫിഷിങ് ഹാർബറിന് സമീപം ആധുനികസൗകര്യങ്ങളുള്ള മത്സ്യമാർക്കറ്റും സജ്ജീകരിക്കുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ മോഡേൺ ഫിഷിങ് വില്ലേജ് പൂർത്തിയാകും.
Kannur
ഉത്സവമേളവുമായി അണ്ടലൂരിൽ മൺകലങ്ങളെത്തി
പിണറായി:വീടുപെയിന്റടിക്കലും പറമ്പും പരിസരവും വൃത്തിയാക്കലുമായി അണ്ടലൂർ കാവ് തിറമഹോത്സവത്തിനായി ധർമടം ഗ്രാമത്തിൽ ഒരുക്കങ്ങൾ തകൃതിയായി. അണ്ടലൂർ കാവ് പരിസരത്ത് ഉത്സവവരവറിയിച്ച് പതിവ് തെറ്റാതെ മൺകലങ്ങളുമായി വിൽപ്പനക്കാരെത്തി. ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടത്തെ വീടുകളിൽ ഉപയോഗിക്കുക. വർഷങ്ങളായി അണ്ടലൂർക്കാവിലെ തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്ന പാലക്കാട്, വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ് ഇത്തവണയും മൺപാത്ര വിൽപ്പനയ്‌ക്കെത്തിയത്. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 10 മുതൽ 600 രൂപവരെയാണ് വില. വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനയ്‌ക്കുണ്ട്. സ്റ്റീൽ പാത്രങ്ങളുടെ കടന്നുകയറ്റം കച്ചവടത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് മൺപാത്ര വിൽപ്പനയ്‌ക്കെത്തിയ കമല പറയുന്നു. പുതുതലമുറ ഈ രംഗത്തേക്ക് കടന്നു വരാത്തതും ഉൽപ്പാദന സാമഗ്രികൾ കിട്ടാത്തതും പ്രതിസന്ധിയാണെന്നും ഇവർ പറയുന്നു. കമലമ്മ, മണികണ്ഠൻ തുടങ്ങിയ പതിനഞ്ചോളം തൊഴിലാളികളാണ് മൺപാത്ര വിൽപ്പനയ്ക്ക് എത്തിയത്. തുടർച്ചയായ പത്തൊമ്പതാമത്തെ വർഷമാണ് ഇവർ മൺചട്ടി വിൽപ്പനയ്‌ക്കായി അണ്ടലൂരിലെത്തുന്നത്. അണ്ടലൂരിലെ ജനങ്ങളുമായി നല്ല സൗഹൃദവും ഇവർ കാത്തുസൂക്ഷിക്കുന്നു. ഫെബ്രുവരി 13 മുതൽ 19വരെയാണ് അണ്ടലൂർ കാവിൽ ഉത്സവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു