വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടരുതെന്ന് യാത്രക്കാർ

കണ്ണൂർ : കാലിയടിച്ച് നഷ്ടത്തിൽ സർവീസ് നടത്തുന്ന മംഗളൂരൂ–ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടണമെന്ന ആവശ്യം ശക്തമാകുമ്പോൾ പതിവുയാത്രക്കാർ അവരുടെ ആശങ്കകൾ ചുണ്ടിക്കാട്ടി റെയിൽവേ അധികൃതർക്ക് കത്തയച്ചു. വന്ദേഭാരത് സർവീസ് നീട്ടുമ്പോൾ മറ്റു ട്രെയിനുകൾ പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.
ജോലിക്കാരും വിദ്യാർഥികളും രോഗികളും ഉൾപ്പെടെ ആശ്രയിക്കുന്ന ട്രെയിനുകൾ പിടിച്ചിടുന്നത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കും. മറ്റു ട്രെയിനുകൾ പിടിച്ചിടാതെ വേണം വന്ദേഭാരത് സർവീസ് നടത്തേണ്ടത് എന്നാണ് ഇവരുടെ ആവശ്യം. നിലവിൽ കാസർകോട് വരെ സർവീസ് നടത്തുന്ന കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾക്കായി പലയിടത്തും മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് പതിവുയാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റും ദേശീയ ഹജ് കമ്മിറ്റി ചെയർമാനുമായ എ.പി.അബ്ദുല്ലക്കുട്ടി റെയിൽവേ മന്ത്രിക്കു കത്തു നൽകി.