ആംബുലൻസുകളുടെ ദുരുപയോഗം തടയാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
കൊച്ചി : ആംബുലൻസുകളുടെ ദുരുപയോഗത്തിന് തടയിടാൻ കർശന നടപടികളിലേക്ക് കടന്ന് എം.വി.ഡി.’ ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്’ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജനുവരി പത്ത് മുതലാണ് നടപ്പിലാക്കുക. നേരത്തെ മുതൽ തന്നെ സംസ്ഥാനത്ത് ആംബുലൻസുകൾ മറ്റ് പല കാര്യങ്ങൾക്കും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപകമായ പരിശോധനയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുന്നത്. ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാർ ചുമതലയേറ്റത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും നിർദേശങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
രോഗികളുമായി പോകേണ്ട ആംബുലൻസ് മറ്റ് പല കാര്യങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യാപകമായ രീതിയിൽ പരാതികളുണ്ട്. വേണ്ടത്ര സൗകര്യം ആംബുലൻസിൽ ഇല്ലാത്തതും എം.വി.ഡി പരിശോധിക്കും. നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.