സ്കൂൾ ബസിനുനേരെ കുരങ്ങന്റെ പരാക്രമം, തേങ്ങയേറിൽ പരിക്കേറ്റത് നാലുകുട്ടികൾക്കും ഡ്രൈവർക്കും

സുൽത്താൻബത്തേരി: കുരങ്ങൻ നടത്തിയ തേങ്ങയേറിൽ സ്കൂൾ ബസിന്റെ ചില്ലുപൊട്ടി നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. ബത്തേരിയിലെ ഐഡിയൽ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെ കുട്ടികളെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു ബസിന് നേരെ കുരങ്ങന്റെ തേങ്ങയേറ്. കൃഷ്ണഗിരി മലന്തോട്ടത്തെ പാണ്ട ഫുഡ്സ് ഫാക്ടറിക്ക് മുന്നിലെ റോഡിലായിരുന്നു സംഭവം.
റോഡിന് വശത്തുള്ള തെങ്ങിൽ കയറിയ കുരങ്ങൻ തേങ്ങ പറിച്ച് താഴേക്ക് എറിയുകയായിരുന്നു. ഏറുകൊണ്ട് ബസിന് മുന്നിലെ ചില്ല് പൊട്ടി. ചില്ല് തറച്ചാണ് കുട്ടികൾക്ക് പരിക്കേറ്റത്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.വയനാട്ടിൽ വന്യമൃഗങ്ങളുടെ ശല്യം കൂടിവരികയാണ്. പുല്ലരിയാൻ പോയ യുവാവിനെ കടുവ കൊന്നുതിന്നത് അടുത്തിടെയാണ്. വാകേരി മൂടക്കൊല്ലി മരോട്ടി തടത്തിൽ പ്രജീഷാണ് (36) മരിച്ചത്.
ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിന് വൈകിട്ട് മൂന്ന് മണിയോടെ മൂടക്കൊല്ലിക്കടുത്ത് നാരായണപുരത്ത് കടുവ പാതി ഭക്ഷിച്ച നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ക്ഷീരകർഷകനായ പ്രജീഷ് പതിവുപോലെ രാവിലെ വാഹനവുമായി വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പുല്ലരിയാൻ പോയതാണ്. വൈകിയും കാണാതായതോടെ അമ്മ ശാരദ അയൽവാസികളോട് വിവരം പറയുകയായിരുന്നു.
തുടർന്ന് സഹോദരനും അയൽവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം കടുവ സമീപത്ത് തന്നെയുണ്ടായിരുന്നു. ഇവരെ കണ്ടതോടെ കടുവ ശബ്ദമുണ്ടാക്കി മാറി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ചെതലയം റെയ്ഞ്ചിൽ ഇരുളം ഫോറസ്റ്റ് സെക്‌ഷനിൽപെടുന്ന ഭാഗത്താണ് സംഭവം നടന്നത്. ഇരുഭാഗവും കാപ്പിത്തോട്ടവും മദ്ധ്യത്തിലായി പുല്ല് വളർന്ന് നിൽക്കുന്ന വയലുമാണ്. പുല്ലരിഞ്ഞ് കൊണ്ടിരുന്ന സ്ഥലത്ത് നിന്ന് 20 മീറ്ററോളം മാറിയാണ് മൃതദേഹം കിടന്നത്. പ്രജീഷിനെ കൊന്ന കടുവയെ പിന്നീട് വനംവകുപ്പ് പിടികൂടി.