എടക്കാട്ട് പൊലീസിനുനേരെ കുപ്പിയേറ്, ആക്രമണം

കണ്ണൂർ: രാത്രി പരിശോധനക്കിറങ്ങിയ എടക്കാട് പൊലീസിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കർണാടക രജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം പൊലീസ് വാഹനത്തിനുനേരെ ബിയർ കുപ്പിയെറിഞ്ഞു. തുടർന്ന് വടിവാളിനു സമാനമായ വസ്തു ഉപയോഗിച്ച് പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എടക്കാട് പൊലീസ് സ്റ്റേഷനിലെ അനിൽ കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് ജില്ല ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു.
എടക്കാട് പൊതുവാച്ചേരി ഭാസ്കരൻ പീടികക്ക് സമീപത്ത് എത്തിയപ്പോഴാണ് കർണാടക രജിസ്ട്രഷൻ കാർ പൊലീസ് വാഹനത്തെ മറികടന്ന് പോവാൻ ശ്രമിച്ചത്. പൊലീസ് വാഹനമെന്ന് അറിഞ്ഞിട്ടും മറികടക്കാൻ ആവശ്യമായ സ്ഥലമില്ലാതിരുന്നിട്ടും കഷ്ടിച്ച് കാർ മുന്നോട്ട് പോയതിൽ പൊലീസിന് സംശയം തോന്നി. അൽപം മുന്നോട്ടുപോയ കാർ പിന്നീട് തിരിച്ചുവന്നാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പൊലീസ് വാഹനത്തിന്റെ ഡ്രൈവർ സീറ്റിന്റെ പിറകുവശത്തെ ഗ്ലാസാണ് തകർന്നത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണം നടത്തിയ സംഘം ഉടൻ രക്ഷപ്പെടുകയും ചെയ്തു. ലഹരിമരുന്ന് കേസിൽ പ്രതിയാക്കപ്പെട്ടയാളുടെ സംഘമാണ് ആക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അന്വേഷണം ഊർജിതമാക്കിയതായി എടക്കാട് പൊലീസ് അറിയിച്ചു.