സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകളെ വേണം; 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം. 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകളാണുള്ളത്. ട്രാൻസ്‌ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.
രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയ്ക്കുള്ള ട്രിപ്പുകളിലാകും ഇവരെ നിയോഗിക്കുക. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും കളക്‌ഷൻ ബാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. അധികമണിക്കൂറിന് 130 രൂപയാണ് പ്രതിഫലം.
സ്വിഫ്റ്റിനുള്ള 111 സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ നിർമാണം ആരംഭിച്ചു. ഇവ രണ്ടുമാസത്തിനുള്ളിൽ എത്തും. കെ.എസ്.ആർ.ടി.സി.യുടെ പഴയ ദീർഘദൂര ബസുകൾക്കുപകരം ഇവ വിന്യസിക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ രണ്ടാംബാച്ചിലെ 20 ഇലക്‌ട്രിക് ബസുകളും ഉടനെയെത്തും.
അരലക്ഷം ശമ്പളം
സ്വിഫ്റ്റിൽ മാസം അരലക്ഷത്തിനുമേൽ ശമ്പളം വാങ്ങുന്ന ഡ്രൈവർമാരുണ്ട്. കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളിസംഘടനകൾ എതിർക്കുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനമാണ് സ്വിഫ്റ്റിലുള്ളത്. സാമ്പത്തികപ്രതിസന്ധി സ്വിഫ്റ്റിലെ ശമ്പളവിതരണത്തെ ബാധിച്ചിട്ടില്ല. ബസുകൾക്ക് കെ.എസ്.ആർ.ടി.സി. നൽകുന്ന വാടകകൊണ്ടാണ് ശമ്പളം നൽകുന്നുന്നത്. 1300 ജീവനക്കാരാണ് സ്വിഫ്റ്റിലുള്ളത്.