ഇത് സ്നേഹം ചാലിച്ച സമ്മാനം; ഗൃഹപ്രവേശദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി ഒരു കുടുംബം

Share our post

കൂത്തുപറമ്പ് : ഗൃഹപ്രവേശദിനത്തിൽ രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി ഭൂമി നൽകി ഒരു കുടുംബം. കൈതേരി പതിനൊന്നാം മൈലിലെ കെ. രവി ഗുരുക്കളും കുടുംബവുമാണ് എട്ട് സെന്റ് സ്ഥലം ദാനംചെയ്തത്‌. വയനാട് സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡോറ എന്ന ജീവകാരുണ്യ പ്രവർത്തക സംഘടനയ്ക്കാണ് ഭൂമി കൈമാറിയത്.

രണ്ട് വർഷം മുൻപ് വീട് നിർമാണം തുടങ്ങിയപ്പോൾ രവി ഗുരുക്കളുടെ മനസ്സിൽ തോന്നിയ ഒരു ആശയമാണിത്. സുഹൃത്ത് ഷിഹാബുദ്ധീൻ വഴിയാണ് അഡോറ എന്ന സംഘടനയെയും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അറിഞ്ഞത്. തീരുമാനത്തിന് ഭാര്യ ബ്ലസീനയും മക്കളായ കൃഷ്ണേന്ദുവും ശ്രുതകീർത്തിയും പൂർണ പിന്തുണയേകി.

പുതുതായി നിർമിച്ച സ്വസ്തി എന്ന വീടിന്റെ പ്രവേശനച്ചടങ്ങിൽ ഭൂമിയുടെ ആധാരം അഡോറയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നർഗീസ് ബീഗത്തിന് കൈമാറി. സമീപപ്രദേശത്തുതന്നെയുള്ള രണ്ട് കുടുംബങ്ങൾക്ക് ഈ ഭൂമിയിൽ വീട് നിർമിച്ചുനൽകുമെന്നും നർഗീസ് ബീഗം പറഞ്ഞു.

മാങ്ങാട്ടിടം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷീന അധ്യക്ഷയായി. എം.കെ. സുധീർ കുമാർ, കുന്നുബ്രോൻ വാസു, ശ്രീധരൻ ഗുരുക്കൾ, അഡ്വ. സി.കെ. രാമചന്ദ്രൻ, പി. ജ്യോതിഷ്, സി.എ. ഷിഹാബുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. 35 വർഷമായി കളരി പരിശീലകനായി പ്രവർത്തിച്ചുവരികയാണ് രവി ഗുരുക്കൾ. മർമചികിത്സയും നടത്തുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!