കോവിഡാനന്തരം 60 വയസ്സിന് താഴെയുള്ളവരുടെ മരണം: പഠനം നടത്താൻ നിർദേശം

കണ്ണൂർ : കോവിഡിനുശേഷം 60 വയസ്സിന് താഴെയുള്ളവർ കൂടുതലായി മരിക്കുന്നതിനെക്കുറിച്ച് പഠനംനടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി ജില്ലാ മെഡിക്കൽ ഓഫീസിനോട് നിർദേശിച്ചു. ഹൃദ്രോഗികൾ, വൃക്ക, കാൻസർ രോഗികൾ വർധിക്കുന്നതിന്റെ കാരണവും പഠനത്തിൽ ഉൾപ്പെടുത്തണമെന്നും അഭ്യർഥിച്ചു.
ജില്ലയിലെ മുഴുവൻ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി ഭേദഗതികളും ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. കൂത്തുപറമ്പ്, മട്ടന്നൂർ നഗരസഭകൾ, മാടായി ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാതല മുൻഗണനാ പദ്ധതികളും സംയുക്ത പദ്ധതി നിർദേശങ്ങളും ചർച്ചചെയ്തു. കന്നുകുട്ടി പരിപാലന പദ്ധതിക്കുള്ള സർക്കാർ വിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അത് വഹിക്കുന്നതിനുള്ള അനുവാദത്തിനായി സർക്കാരിലേക്ക് കത്തയക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഹാപ്പിനെസ്സ് പാർക്ക് ഉണ്ടാക്കാൻ പദ്ധതി ആലോചിക്കണമെന്നും നിർദ്ദേശിച്ചു.കളക്ടർ അരുൺ കെ. വിജയൻ, ആസൂത്രണസമിതി അംഗങ്ങളായ ടി.ഒ. മോഹനൻ, ബിനോയ് കുര്യൻ, കെ.കെ. രത്നകുമാരി, ടി. സരള, ഇ. വിജയൻ, വി. ഗീത, കെ. താഹിറ, ലിസി ജോസഫ്, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, തദ്ദേശ സ്ഥാപന അധ്യക്ഷർ, പ്രതിനിധികൾ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.