ഇരിട്ടി : ഇരിട്ടിയിലെ പഴയകാല റോഡുകളിൽ ഒന്നായ നേരമ്പോക്ക് റോഡിനെ വികസിപ്പിച്ച് മേഖലയിലെ വികസനത്തിന് ചാലകശക്തിയാക്കി മാറ്റാൻ സർവ കക്ഷിയോഗത്തിൽ തീരുമാനം. റോഡിൻ്റെ ശോച്യാവസ്ഥ മേഖലയുടെ പൊതു വികസനത്തിന് വിലങ്ങുതടിയാവുന്നതായുള്ള നിരന്തരമായ പരാതികൾക്കൊടുവിലാണ് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ റോഡ് വികസനത്തിനുള്ള നടപടികൾ ആരംഭിച്ചത്.
ഇതിന്റെ തുടക്കം എന്ന നിലയിൽ വെള്ളിയാഴ്‌ച സർവകക്ഷിയോഗം ചേർന്ന് പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. നിരവധി കെട്ടിടങ്ങൾക്കിടയിലൂടെ പോകുന്ന റോഡ് വീതികൂട്ടുന്നതിന് ഉണ്ടാകാനിടയുള്ള എല്ലാ പ്രതിസന്ധികളേയും ഒന്നിച്ചുനിന്ന് നേരിടാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കെട്ടിടം, സ്ഥലം ഉടമകളുടേയും യോഗം ഉടൻ വിളിക്കും.
കെ.എസ്.ടി.പി. റോഡിൽനിന്നും ഫാൽക്കൺ പ്ലാസ കവല വരേയുള്ള ഭാഗങ്ങളിലാണ് റോഡിന് തീരെ വീതികുറവ്. 4.6 മീറ്ററിനും ആറുമീറ്ററിനും ഇടയിലാണ് ഇവിടങ്ങളിലെ വീതി. രണ്ട് ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.
ആളുകൾ കൂടുതൽ എത്തുന്ന പ്രദേശം
നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന താലൂക്കാസ്പത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർട്ടി ഓഫീസ്, താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസ്, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, സബ് ട്രഷറി, സ്വകാര്യ ആസ്‌പത്രി, ലേബർ ഓഫീസ്, അഗ്നിരക്ഷാനിലയം, വെയർ ഹൗസിങ് കോർപ്പറേഷൻ ഗോഡൗൺ, റെയ്‌ഡ്‌കോ ഷോറൂം, കീഴൂർ മഹാദേവക്ഷേത്രം ഉൾപ്പെടെ രണ്ട് ക്ഷേത്രങ്ങൾ എന്നിവയെല്ലാം ഈ റോഡിൻ്റെ ഭാഗമാണ്. ജില്ലയിലെ പ്രധാന ടൂറിസംകേന്ദ്രമായ പഴശ്ശിയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റൂട്ടും ഇതാണ്.
മീറ്റർ വീതിയുണ്ടെങ്കിൽ പൊതുമരാമത്ത് ഏറ്റെടുക്കും
റോഡിന് പത്ത് മീറ്റർ വീതിയുണ്ടെങ്കിൽ മേഖലയുടെ പ്രധാന്യം ഉൾക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് നഗരസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജനകീയ കൂട്ടായ്‌മയിൽ റോഡിന്റെ വീതി വർധിപ്പിക്കാൻ നഗരസഭ മുന്നോട്ടിറങ്ങിയിട്ടുള്ളത്. ഇപ്പോൾ 4.6 മീറ്റർ മുതൽ എട്ട് മീറ്റർ വരെയാണ് റോഡിൻ്റെ വീതി.
തുടർപ്രവർത്തനങ്ങൾക്കായി സർവകക്ഷി കർമസമിതി രൂപവത്കരിച്ചു. ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലത ചെയർമാനായും മുൻ ചെയർമാൻ പി.പി. അശോകൻ കൺവീനറായുമാണ് കർമസമിതി രൂപവത്കരിച്ചത്. കർമസമിതി രൂപവത്കരണയോഗത്തിൽ നഗരസഭ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷതവഹിച്ചു.
വൈസ് ചെയർമാൻ പി.പി.ഉസ്‌മാൻ, വിവിധ കക്ഷിനേതാക്കളായ കെ.വി.സക്കീർ ഹുസൈൻ, മുൻ ചെയർമാൻ പി.പി.അശോകൻ, പി.എ.നസീർ, അഡ്വ. മാത്യു കുന്നപ്പള്ളി, ഇബ്രാഹിം മുണ്ടേരി, അഷറഫ് ചായിലോട്, വി.എം.പ്രശോഭ്, ബാബുരാജ് പായം, അജയൻ പായം, ജയ്‌സൺ ജീരകശ്ശേരി, ബാബുരാജ് ഉളിക്കൽ, ആർ.കെ.മോഹൻദാസ്, കൗൺസിലർമാരായ വി.പി.റഷീദ്, കെ. നന്ദനൻ, പി.പി.ജയലക്ഷ്‌മി, കെ.മുരളീധരൻ, എ.കെ.ഷൈജു എന്നിവർ സംസാരിച്ചു.