ഭിന്നശേഷിക്കാരായ 100 കുട്ടികൾക്ക് സൗജന്യ വിമാനയാത്ര

കണ്ണൂർ : ഭിന്നശേഷിക്കാരായ 100 കുട്ടികൾക്ക് സൗജന്യ വിമാനയാത്രയ്ക്ക് അവസരമൊരുക്കുന്നു. ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് മലാപ്പറമ്പ് ഇക്‌റ തണൽ ഏർളി ഇന്റർവെൻഷൻ സെന്റർ സ്പെഷ്യൽ സ്കൂളിലെ കുട്ടികളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്യുക.ശനിയാഴ്ച രാവിലെ ആറിന് എയർ ഇന്ത്യ വിമാനത്തിലാണ് യാത്ര. തിരുവനന്തപുരത്ത് താമസിച്ചശേഷം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും.
വൈകീട്ട് വന്ദേഭാരതിൽ കോഴിക്കോട്ടേക്ക് തിരിക്കും. ഉയരെ എന്ന് പേരിട്ട യാത്രയ്ക്ക് പ്രിൻസിപ്പൽ അലീന വർഗീസ്, ഡിപ്യൂട്ടി മാനേജർ സി.എം. മുഹമ്മദ് ഷാഹിദ് എന്നിവർ നേതൃത്വം നൽകും.