സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി മുൻ അംഗം എം.വി. അച്യുതൻ അന്തരിച്ചു

കളമശേരി : സി.പി.എം എറണാകുളം മുൻ ജില്ലാ കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന മുളവുകാട് മാണുവേലിൽ എം.വി .അച്യുതൻ (84) അന്തരിച്ചു. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളി വെെകിട്ട് 5.30നായിരുന്നു അന്ത്യം. സംസ്‌കാരം ശനി പകൽ മൂന്നിന് പച്ചാളം ശ്‌മശാനത്തിൽ.
സി.പി.എം കളമശേരി മുൻ ഏരിയ സെക്രട്ടറിയാണ്. എച്ച്.എം.ടി ജീവനക്കാരനായിരുന്ന അച്യുതൻ, തൊഴിലാളി സംഘടനാ പ്രവർത്തനത്തിൽനിന്ന് ഉയർന്നുവന്ന നേതാവായിരുന്നു. ദീർഘകാലം എച്ച്.എം.ടി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. സി.പി.എം എറണാകുളം ഏരിയ കമ്മിറ്റി അംഗം, മുളവുകാട് ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഷോപ്‌സ് ആൻഡ് കമേഴ്‌ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയന്റെയും നേതാവായിരുന്നു. എച്ച്.എം.ടി തൊഴിലാളി യൂണിയൻ നേതാവായതോടെ കളമശേരിയിലേക്ക് താമസം മാറ്റി. ഏരിയ സെക്രട്ടറിയായിരിക്കെയാണ് സി.പി.എം കളമശേരി ഏരിയ കമ്മിറ്റി ഓഫീസായ ബി.ടി.ആർ മന്ദിരം പണി പൂർത്തിയാക്കിയത്.
അടിയന്തരാവസ്ഥ കാലത്തിൽ നിരവധിതവണ കോൺഗ്രസ് ഗുണ്ടകളുടെയും പൊലീസിന്റെയും മർദനമേറ്റിട്ടുണ്ട്. ഭാര്യ: പരേതയായ സതി. മക്കൾ: ബിന്ദു, ബിജു (ഏഷ്യൻ പെയിന്റ്‌സ്), ബീന, വിജി. മരുമക്കൾ: കിഷോർ (ബിസിനസ്), അനിൽ കുമാർ (ഫാക്‌ട്), വിജയൻ (ബിസിനസ്), സ്‌മിത.