ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സഗാലോ അന്തരിച്ചു

Share our post

റിയോ ഡി ജനീറോ: വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോളര്‍ മരിയോ സഗാലോ (92) അന്തരിച്ചു. കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. കളിക്കാരനായും പരിശീലകനായും നാലു തവണ ലോകകിരീടം ചൂടിയ ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു സഗാലോ. 1958 ല്‍ ഇടത് വിങ്ങറായി തിളങ്ങിയ സഗാലോ അടങ്ങിയ ബ്രസീല്‍ ടീം ലോക ചാമ്പ്യന്മാരായി.

നാല് വര്‍ഷത്തിന് ശേഷം ടീം കിരീടം നിലനിര്‍ത്തി. 1970 ല്‍ പെലെ അടങ്ങുന്ന ബ്രസീലിന്റെ എക്കാലത്തേയും വലിയ താരനിരയെ പരിശീലിപ്പിച്ച് ലോക ചാമ്പ്യന്മാരാക്കിയ കോച്ചെന്ന നിലയിലും ലോകം മുഴവന്‍ സഗാലോയുടെ പെരുമ വാഴ്ത്തപ്പെട്ടു. 1958ൽ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ ജീവനോടെ അവശേഷിച്ച അവസാന അംഗമായിരുന്നു സഗാലോ.

1994 ലില്‍ ബ്രസീല്‍ നാലാം തവണ ലോക ചാമ്പ്യന്മാരായപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം. കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യ താരമായും അദ്ദേഹം മാറി. 1998ൽ ലോകകപ്പിൽ റണ്ണറപ്പായ ബ്രസീലിയൻ ടീമിന്റെ പരിശകലകനും സഗാലോയായിരുന്നു.

1931 ല്‍ ജനിച്ച സഗാലോയുടെ സ്വപ്‌നം പൈലറ്റാവണമെന്നായിരുന്നു. എന്നാല്‍ കാഴ്ചപരിമിതി ആ സ്വപ്‌നം തകര്‍ത്തു. അങ്ങനെ യാദൃച്ഛികമായി ഫുട്‌ബോള്‍ താരമായ ചരിത്രമാണ് സഗാലോയുടേത്. ‘ഫുട്‌ബോള്‍ ഒരു പ്രൊഫഷനോ അതിന്‌ സമൂഹത്തില്‍ ഒരു വലിയ അംഗീകാരമോ ഒന്നും കിട്ടാതിരുന്ന കാലത്ത് തികച്ചും യാദൃച്ഛികമായി ഫുട്‌ബോള്‍ ലോകത്തേക്ക് വന്നതാണെന്നാണ് അദ്ദേഹം ഒരിക്കല്‍ കരിയറിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ ബ്രസീലിനെ പ്രതിഷ്ഠിച്ച അവരുടെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് വിടവാങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!