യു.പി.ഐ ഇടപാടുകൾക്ക് ചാ‍ർജ് വരും; വ്യക്തികൾക്കും ചെറിയ വ്യാപാരികൾക്കും ഭാരമാവില്ല

Share our post

യു.പി.ഐ ഇടപാടുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലിപ് അസ്‍ബെ. വലിയ വ്യാപാരികളില്‍ നിന്നായിരിക്കും യു.പി.ഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുകയെന്നാണ് ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇത് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പി.ഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമെന്ന തരത്തില്‍ കുറച്ചു നാളായി പ്രചരണം നടക്കുന്നുണ്ട്. ഇതിനിടെയാണ് യു.പി.ഐ ഇടപാടുകളെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വ്യക്തികളില്‍ നിന്നും ചെറിയ വ്യാപാരികളില്‍ നിന്നും ചാര്‍ജ് ഇടാക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പണമിടപാടുകള്‍ക്ക് പകരമായി യുപിഐ ഇടപാടുകളെ കൂടുതല്‍ ജനകീയമാക്കുന്നതിനും യു.പി.ഐയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണ് പരമാവധി ഊര്‍ജം ചിലവഴിക്കുന്നതെന്നും ദിലിപ് അസ്ബെ പറഞ്ഞു.

ബോംബെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സൊസൈറ്റി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് എന്‍.പി.സി.ഐ മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വരും കാലങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്കായി ഒട്ടേറെ പണം ആവശ്യമായി വരും. കൂടുതല്‍ ഉപയോക്താക്കള്‍ യു.പി.ഐ ഇടാപാടുകള്‍ ഉപയോഗിച്ച് തുടങ്ങുമ്പോഴും ക്യാഷ്ബാക്ക് പോലുള്ള ആനുകൂല്യങ്ങളും നല്‍കുന്നതിനുമെല്ലാം പണം ആവശ്യമായി വരും. 50 കോടി ആളുകള്‍ കൂടി യു.പി.ഐ സംവിധാനത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. ദീര്‍ഘകാല സാഹചര്യത്തില്‍ ന്യായമായ ഒരു ചാര്‍ജ് വലിയ വ്യാപാരികളില്‍ നിന്ന് ഈടാക്കേണ്ടി വരും. ചെറിയ വ്യാപാരികള്‍ക്ക് ഇത് ബാധകമല്ല. പക്ഷേ ഇത് എന്നു മുതല്‍ വരുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ ഒരു വര്‍ഷമോ അല്ലെങ്കില്‍ രണ്ട് വര്‍ഷമോ എടുത്തേക്കാം. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനകമായിരിക്കും ഇത് നടപ്പാവുക എന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!