ആനവണ്ടിക്ക് സാരഥിയാകാൻ ട്രാൻസ്‌ജെൻഡർമാരും; വിജ്ഞാപനം ഉടൻ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി.യിൽ വളയം പിടിക്കാൻ ഇനി ട്രാൻസ്‌ജെൻഡേഴ്‌സും. സ്വിഫ്‌റ്റിലാണ് ഡ്രൈവർ കം കണ്ടക്ടർമാരാകാൻ ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരം നൽകുന്നത്. ചരിത്രത്തിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി.യിൽ ഈ വിഭാഗത്തിൽനിന്ന് നിയമനം.
ട്രാൻസ്‌ജെൻഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് സാമൂഹ്യ ഇടപെടലിന് അവസരമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് സർക്കാർ തീരുമാനം. എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് പരിശീലനം നൽകി ഹെവി ലൈസൻസ് എടുക്കാൻ അവസരമൊരുക്കും. കണ്ടക്ടർ പരിശീലനം നൽകി അതിനും ലൈസൻസ് എടുത്തുകൊടുക്കും. കരാർ നിയമനമായിരിക്കും. ദിവസം പത്ത് മണിക്കൂർ ജോലി ചെയ്യുന്നതിന് 715 രൂപ ലഭിക്കും. ഓരോ അധിക മണിക്കൂറിനും 130 രൂപയും നൽകും. ഇതിനു പുറമെ ഇൻസെന്റീവ് ബാറ്റയുമുണ്ടാകും. ഒരാൾക്ക് ശരാശരി മാസം 30,000– 35,000 രൂപവരെ ലഭിക്കും. കൊച്ചി മെട്രോയുടെ തുടക്കത്തിലും ട്രാൻസ്‌ജെൻഡേഴ്‌സിന് നിയമനം നൽകിയിരുന്നു. 35 വയസ്സ് പരിധിയിലുളള ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ്. ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന നൽകും.
ആദ്യം സിറ്റി സർക്കുലർ സർവീസിലായിരിക്കും നിയമനം. കഴിവ് തെളിയിക്കുന്നവരെ ദീർഘദൂര സർവീസിന് പരിഗണിക്കും. എണ്ണം നിജപ്പെടുത്തിയിട്ടില്ലെന്നും പരമാവധിപേർക്ക് അവസരം നൽകാനാണ് തീരുമാനമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. പുതുതായി 600 പേരെയാണ് ഡ്രൈവർ കം കണ്ടക്ടർമാരായി നിയമിക്കുന്നത്. ഇതിൽ വനിതകൾക്കും പൊതുവിഭാഗത്തിലും അപേക്ഷിക്കാൻ അവസരമുണ്ട്. വിജ്ഞാപനം വെള്ളിയാഴ്‌ച പുറത്തിറങ്ങും.