ഇരിക്കൂർ താലൂക്ക് ആസ്പത്രിയിൽ ജീവനക്കാർ കുറവ്; ഫാർമസിക്കുമുന്നിൽ നീണ്ടനിര

ഇരിക്കൂർ : ജീവനക്കാരുടെ കുറവ് ഗവ. താലൂക്ക് ആസ്പത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇവിടെ മരുന്ന് വിതരണത്തിനായി നാല് ഫാർമസിസ്റ്റുകളാണുണ്ടായിരുന്നത്.
ഇതിലൊരാൾ പോകുകയും ഒരാൾ അവധിയിലാകുകയും ചെയ്തതോടെയാണ് മരുന്നിനെത്തിയവർ ദുരിതത്തിലായത്. വൈറൽ പനിയടക്കമുള്ളവരും വിവിധ രോഗമുള്ളവരും മരുന്നിനായി ഏറെനേരം കാത്തുനിൽക്കുന്ന അവസ്ഥയാണ്.
അടിയന്തരമായി ആവശ്യമുള്ള ഫാർമസിസ്റ്റുകളെ നിയമിച്ച് രോഗികളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സായാഹ്ന ഒ.പി.യും നിലച്ചു
ഡോക്ടറുടെ കുറവിൽ ഏതാനും ദിവസങ്ങളായി സായാഹ്ന ഒ.പി.യും നിർത്തി. ഇതോടെ വൈകുന്നേരമെത്തുന്ന രോഗികൾ ചികിത്സ കിട്ടാതെ മടങ്ങുകയാണ്. മലയോരമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഇരിക്കൂർ താലൂക്ക് ആശുപത്രിയിലെ ഒ.പി. മുടങ്ങാതെ നടത്തുന്നതിനാവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് എച്ച്.എം.സി. യോഗം ജില്ലാ മെഡിക്കൽ ഓഫീസറോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.