സ്കൂൾ കലോത്സവം: കോഴിക്കോടിനെ മറികടന്ന് കണ്ണൂരിന്റെ കുതിപ്പ്

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനം മുന്നിൽ നിന്ന കോഴിക്കോടിനെ രണ്ടാംദിനം മറികടന്ന് കണ്ണൂർ. 272 പോയിന്റുകളാണ് കണ്ണൂർ സ്വന്തമാക്കിയത്.
തൊട്ടുപിന്നാലെ 266 റൺസുമായി തൃശൂരാണ് രണ്ടാമത്. 265 പോയിന്റുമായി ആതിഥേയരായ കൊല്ലവും കോഴിക്കോടും മൂന്നാം സ്ഥാനത്താണ്. തൊട്ടുപിന്നിലുള്ള പാലക്കാടിന് 262 പോയിന്റും മലപ്പുറത്തിന് 252 പോയിന്റുമാണുള്ളത്.
കലോത്സവത്തിന്റെ രണ്ടാംദിവസമായ ഇന്ന് പ്രധാനവേദിയായ ആശ്രാമം മൈതാനത്തെ ഒ.എൻ.വി സ്മൃതിയിൽ രാവിലെ ഹയർസെക്കൻഡറി വിഭാഗം മോഹിനിയാട്ടമാണ് നടന്നത്. രണ്ടാംവേദിയിയായ സോപാനം ഓഡിറ്റോറിയത്തിൽ എച്ച്.എസ് വിഭാഗം ചവിട്ടുനാടകവും മൂന്നാംവേദിയിൽ ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യവും നടന്നു.
വൈകുന്നേരം പ്രധാനവേദിയിൽ ഹൈസ്കൂൾ വിഭാഗം ഒപ്പന നടക്കും. മൂന്നാം വേദിയിൽ ഹൈസ്കൂൾ വിഭാഗം ദഫ്മുട്ടും നാലാം വേദിയിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിരകളിയും നടക്കും.
ആകെ 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എച്ച്എസ്, എച്ച്എസ്എസ് ജനറൽ, എച്ച്എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.