രാത്രി എട്ടിന് ശേഷം പ്രധാന റൂട്ടുകളിൽ സർവീസ് നിർത്തി സ്വകാര്യബസുകൾ

കൂത്തുപറമ്പ് : കോവിഡ് പ്രതിസന്ധി അകന്നിട്ടും സാധാരണ ജനങ്ങൾക്ക് രാത്രി യാത്ര ദുസ്സഹമാകുന്നു. രാത്രി 8ന് ശേഷം പ്രധാനപ്പെട്ട റൂട്ടുകളിൽപോലും ബസുകളുടെ സർവീസ് നിർത്തി വയ്ക്കുന്നതാണ് ജനങ്ങൾക്ക് ദുരിതമാകുന്നത്. കൂത്തുപറമ്പിൽ നിന്ന് രാത്രി 8.30ന് തലശ്ശേരിയിലേക്കുള്ള ഒരു ബസ് കടന്നുപോയാൽ പിന്നീട് 9.30നുള്ള ഒരു ബസ് മാത്രമാണ് ആശ്രയം. ഇതാണെങ്കിൽ പലപ്പോഴും ഉണ്ടാകാറുമില്ല.
കൂത്തുപറമ്പിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയായാലും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. പാനൂർ ഭാഗത്തേക്കും ഏതാണ്ട് ഇതേ സമയത്ത് ബസ് കടന്നുപോയാൽ പിന്നീട് ബസുകൾ ഒന്നുമില്ല.
സാധാരണക്കാർക്ക് വൻ സാമ്പത്തിക ബാധ്യത സാധാരണക്കാരായ ജനങ്ങൾ നഗരത്തിലെത്തി അൽപം താമസിച്ച് പോയാൽ കൂടിയ നിരക്ക് നൽകി ഓട്ടോറിക്ഷകളെയും മറ്റു വാഹനങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. രാത്രിയിലുള്ള ട്രിപ്പുകൾ പലതും സ്വകാര്യബസുകൾ നിർത്തിവച്ചിരിക്കുകയാണ്.
യാത്രക്കാരുടെ എണ്ണക്കുറവും സാമ്പത്തികമായുള്ള പ്രയാസങ്ങളുമാണ് സ്വകാര്യ ബസ് ഉടമകൾ ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. രാത്രി വൈകി സർവീസ് നടത്താൻ ജീവനക്കാരും സന്നദ്ധമാകുന്നില്ല എന്ന അഭിപ്രായവും ഇവർക്കിടയിൽ ഉണ്ട്.
പരിഹാരം കാണാൻ മോട്ടർ വാഹന വകുപ്പ് അധികാരികളോ അധികൃതരോ മുന്നോട്ടു വരാത്തതിൽ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്.