കോടിയേരിയിൽ ആൽമരം പൊട്ടിവീണ് രണ്ട് വീടുകൾ തകർന്നു

തലശ്ശേരി: കോടിയേരിയിൽ പടുകൂറ്റൻ ആൽമരം പൊട്ടിവീണ് രണ്ടുവീടുകൾക്ക് കനത്ത നാശനഷ്ടം. കോടിയേരി കാരാൽ തെരു മഹാഗണപതി ക്ഷേത്രത്തിലെ പടിഞ്ഞാറെനടയിലെ ആൽമരമാണ് അർധരാത്രി ഉഗ്ര ശബ്ദത്തോടെ പൊട്ടിവീണത്. രണ്ടുവീടുകളിലുള്ളവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി വൈകിയാണ് കൂറ്റൻ ആൽമരത്തിന്റെ ശിഖരം പൊട്ടിവീണത്.
പി.പി ഹൗസിൽ പി.പി. ഹരീന്ദ്രൻ, മാക്കൂൽ ഹൗസിലെ ഇ. രാധ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശി ഖരങ്ങൾ പതിച്ച് കേടുപാടുണ്ടായി. ഹരീന്ദ്രന്റെ വീടിനാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. വീടിന്റെ സൺഷേഡ്, ചുറ്റും ഗ്ലാസിട്ട് അടച്ചുറപ്പുള്ളതാക്കിയ മുകൾനിലയിലെ ഗ്ലാസുകൾ പൂർണമായും തകർന്നു. വീടിന്റെ ചുറ്റുമതിലും ഗേറ്റും തകർന്നു. ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
അപകടം നടക്കുമ്പോൾ ഹരീന്ദ്രനും ഭാര്യ കമലയും താഴത്തെ നിലയിലായിരുന്നു. സമീപത്തെ മാക്കൂൽ ഹൗസിലെ ഇ. രാധയുടെ വീടിനും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മുൻവശത്തെ ഞാലി ഭാഗികമായി തകർന്നു. രാധയും മക്കളും അകത്തെ മുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഏറെ നേരം പണിപ്പെട്ടാണ് ആൽ മരത്തിന്റെ ശിഖരങ്ങൾ വാർഡ് കൗൺസിലർ പി. മനോഹരന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്. അപകടാവസ്ഥയിലായ ആൽമരത്തെക്കുറിച്ച് തഹസിൽദാർക്കും, വില്ലേജ് ഓഫിസർക്കും പരാതി നൽകിയിരുന്നതായും എന്നാൽ വിശ്വാസത്തിന്റെ ഭാഗമായതിനാൽ മുറിച്ചു മാറ്റാനാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും റിട്ട. പോസ്റ്റ് മാസ്റ്ററായ പി.പി. ഹരീന്ദ്രൻ പറഞ്ഞു.