വരയുടെയും എഴുത്തിന്റെയും ലോകത്ത് കർമനിരതയായി അറുപതുകൾ ആനന്ദകരമാക്കുന്ന വെങ്ങര പ്രിയദർശിനി സ്കൂളിലെ മുൻ അധ്യാപിക ഡോ. പി.കെ. ഭാഗ്യലക്ഷ്മിയെ പരിചയപ്പെടാം
ജീവിതയാത്രയിൽ വളരെ യാദൃച്ഛികമായാണ് വരയും നിറങ്ങളും ഭാഗ്യലക്ഷ്മിക്കൊപ്പം ചേരുന്നത്. ആ നിറച്ചാർത്ത് ചിത്രലോകത്ത് മുദ്രപതിപ്പിച്ച് മുന്നോട്ടുപോകുന്നതിന്റെ സന്തോഷത്തിലാണവർ. ‘വായനയും എഴുത്തും ചിത്രരചനയും സൗഹൃദക്കൂട്ടായ്മകളും വഴി അവനവനെ തിരിച്ചറിയുകയും അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ച് മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ പ്രായത്തെ ഓർമിക്കേണ്ടിപോലും വരുന്നില്ല’ -പഴയങ്ങാടി എരിപുരത്തെ ‘കാർത്തിക’യിലിരുന്ന് ഡോ. പി.കെ. ഭാഗ്യലക്ഷ്മി പറയുന്നു.
2017-ലാണ് വെങ്ങര പ്രിയദർശിനി സ്കൂളിൽനിന്ന് അധ്യാപികയായ ഭാഗ്യലക്ഷ്മി വിരമിക്കുന്നത്. അതുവരെ ചിത്രരചനയെ ഗൗരവമായി കണ്ടിരുന്നില്ല. കാര്യമായൊന്നും വരച്ചിട്ടുമില്ല. അധ്യാപനത്തിലും എഴുത്തിലുമായിരുന്നു ശ്രദ്ധ. ഇതിനിടയിൽ ഒരു ചിത്രം വരച്ച് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്.
ചിത്രം കണ്ട് ചിത്രകാരനും ശില്പിയുമായ കെ.കെ.ആർ. വെങ്ങര വിളിക്കുന്നു. ആ പ്രോത്സാഹനമാണ് ചിത്രങ്ങളുടെ ലോകത്തേക്കുള്ള വഴിത്തിരിവായതെന്ന് ഭാഗ്യക്ഷ്മി പറയുന്നു. പിന്നീട് വരകളുടെകൂടി ലോകത്തായി ഭാഗ്യലക്ഷ്മി. അക്രിലിക്കിൽ ചിത്രങ്ങളുടെ ഒഴുക്കായി. പ്രകൃതിയും സ്ത്രീയുമെല്ലാം അമൂർത്തഭാവങ്ങളിൽ കാൻവാസിൽ നിറഞ്ഞു.
ഇതിനകം സ്വന്തം ചിത്രങ്ങളുടെ അഞ്ച് പ്രദർശനം നടത്തി. ലളിതകലാ അക്കാദമി ക്യാമ്പുകൾ ഉൾപ്പെടെയുള്ള ചിത്രപ്രദർശനങ്ങളിൽ ഭാഗ്യലക്ഷ്മി പങ്കെടുത്തു. ബെംഗളൂരുവിലും ദുബായിയിലും തായ്‌ലാൻഡിലും നടന്ന പ്രദർശനങ്ങൾ ആസ്വാദകശ്രദ്ധ നേടി.
35 വർഷത്തെ അധ്യാപകജോലി ചെയ്താണ് വിരമിച്ചത്. 2007 മുതൽ എഴുത്തിൽ സജീവമാണ്. മൂന്ന് നോവലുകൾ, രണ്ട് കഥാസമാഹാരം, ഒരു കവിതാസമാഹാരം എന്നിവ ഉൾപ്പെടെ 25 പുസ്തകൾ പ്രസിദ്ധീകരിച്ചു. ‘മാതൃഭൂമി’ ബുക്സ് പ്രസിദ്ധീകരിച്ച ‘തണുപ്പിന്റെ പരവതാനികളിൽ’ എന്ന കൃതിയും ഇതിൽ പെടുന്നു.
15 ഓളം വിഖ്യാത എഴുത്തുകാരികൾ സ്വയം മരണം വരിക്കാനുള്ള കാരണങ്ങൾ സൂക്ഷ്മതലത്തിൽ അനാവരണം ചെയ്യുന്നതാണ് ഈ പുസ്തകം.
ബി.എഡിനുശേഷം കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മലയാളത്തിലും ഗാന്ധിയൻ സ്റ്റഡീസിലും ബിരുദാനന്തരബിരുദം നേടിയ ഭാഗ്യലക്ഷ്മി 2010 -ൽ കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പരിസ്ഥിതി മേഖലയിൽ സജീവസാന്നിധ്യമായ ഇവർ സ്കൂളിൽ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കൂടിയായിരുന്നു.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, എസ്.ബി.ടി. അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും നേടി.
‘സ്ത്രീ എന്ന നിലയിൽ പരിമിതപ്പെടുന്ന കുടുംബ, സാമൂഹിക, സാമ്പത്തിക അന്തരീക്ഷത്തിൽനിന്ന് പുറത്തുകടക്കാനും പൊതുമണ്ഡലങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാനും കഴിയുന്നത് അഭിമാനമായി കരുതുന്നു’ – ഭാഗ്യലക്ഷ്മി പറയുന്നു.