കേരളത്തിന്റെ സ്വന്തം കുപ്പിവെള്ളം ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം കുപ്പിവെള്ളമായ ഹില്ലി അക്വ ഇനി സംസ്ഥാത്തെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിലും ലഭ്യമാകും. ലിറ്ററിന് 15 രൂപയായിരിക്കും വില. ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന് (കെ.ഐ.ഐ.ഡി.സി) കീഴിലാണ് ഹില്ലി അക്വയുടെ പ്രവർത്തനം. കുപ്പിവെള്ള വിതരണത്തിന് കെ.ഐ.ഐ.ഡി.സി.യും റെയിൽവേയും ഡിസംബർ 24ന് ആറുമാസത്തേക്ക് കരാർ ഒപ്പിട്ടിരുന്നു. ചൊവ്വാഴ്ച പാലക്കാട് ഡിവിഷനിൽ 15,600 ഹില്ലി അക്വ ബോട്ടിലുകൾ എത്തിച്ചു. റേഷൻ കടകൾ വഴിയും ഹില്ലി അക്വ വിതരണം ചെയ്യുന്നുണ്ട്. ഒരു ലിറ്റർ 10 രൂപയ്‌ക്കാണ് നൽകുന്നത്.
ഹില്ലി അക്വ കഴിഞ്ഞ സാമ്പത്തിക വർഷം നാലരക്കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഒരുവർഷത്തിനകം 20 കോടിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തിരുവനന്തപുരം അരുവിക്കരയിലും തൊടുപുഴയിലെ മലങ്കര ഡാമിനോട് അനുബന്ധിച്ചുമാണ് പ്ലാന്റുകൾ. ഒരു ലിറ്റർ, അര ലിറ്റർ ബോട്ടിൽ, 20 ലിറ്റർ ബബിൾ ജാർ എന്നിവയിലും ലഭ്യമാണ്.