തേക്കടി വഴിയും ഗവിയില്‍ പോകാം; സഞ്ചാരികള്‍ക്ക് പാക്കേജുമായി വനംവകുപ്പ്

ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നതുമായ ഇടങ്ങളിലൊന്നാണ് ഗവി. കാടിന്റെ സൗന്ദര്യവും കൗതുകവും നിറഞ്ഞതും അതേസമയം വന്യവുമായ കാഴ്ചകളാല്‍ സമൃദ്ധവുമായ ഇടം. കാടിനുള്ളിലെ സ്വര്‍ഗമായ ഗവിക്ക് കേരളത്തില്‍ നിറയെ ആരാധകരാണ്. സാധാരണയായി കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന യാത്ര വഴിയാണ് ഗവിയിലേക്ക് സഞ്ചാരികളെത്തുന്നത്.
കാടിനെ പ്രണയിക്കുന്ന കാടിന്റെ കുളിരണിഞ്ഞ് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇപ്പോള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ തേക്കടിയില്‍നിന്ന് ഗവിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ ആരംഭം കുറിച്ച സര്‍വീസിന് ആദ്യദിനം മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
രാവിലെ 6.30-ന് തേക്കടി പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച് ഗവിയിലെത്തി മടങ്ങുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. സ്വദേശീയരായിട്ടുള്ള ടൂറിസ്റ്റുകള്‍ക്ക് 45 രൂപയും വിദേശികള്‍ക്ക് 500 രൂപയുമാണ് പ്രവേശന ഫീസ്. പ്രഭാതഭക്ഷണം ഉള്‍പ്പെടെ 1000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് 12.30-ന് തേക്കടിയില്‍ മടങ്ങിയെത്തും.
ബോട്ടിങ്, പ്രകൃതി നടത്തം, ഗ്രീന്‍ വാക്ക്, ജങ്കിള്‍ സ്‌കൗട്ട്, ബാംബൂ റാഫ്റ്റിങ്, ബോര്‍ഡര്‍ ഹൈക്കിങ്, ട്രൈബല്‍ ഹെറിറ്റേജ്/ആദിവാസി നൃത്തം എന്നീ പരിപാടികളും വനംവകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. യാത്രയുടെ വ്യത്യസ്തത അനുഭവിക്കാന്‍ ആദ്യദിവസം ധാരാളം പേരാണ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നേരിട്ടെത്തി ബുക്കിങ് നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസാണ് സര്‍വീസിന് ഒരുക്കിയിരിക്കുന്നത്. വൈകാതെ ബുക്കിങ് ഓണ്‍ലൈനിലേക്ക് മാറ്റുമെന്ന് കുമളി റെയിഞ്ച് ഓഫീസര്‍ കെ.ഇ.സിബി പറഞ്ഞു.
http://periyartigerreserve.org/home.php എന്ന വെബ്‌സൈറ്റ് വഴിയും 04869-224571, 8547603066 എന്നീ നമ്പറുകള്‍ വഴിയും സഞ്ചാരികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാം.