ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ പല മരുന്നുകളുമില്ലെന്ന് പരാതി

പരിയാരം: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള സിറപ്പുകൾ, ഗർഭിണികൾക്കുള്ള കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കുള്ള മെറ്റ്ഫോർമിൻ തുടങ്ങിയ മരുന്നുകൾ കിട്ടാനില്ലെന്നു പരാതി. മണിക്കൂറുകളോളം വരി നിന്ന് കൗണ്ടറിലെത്തുമ്പോഴാണ് ഡോക്ടർ കുറിച്ച മരുന്നുകളിൽ പലതും ഫാർമസിയിൽ ഇല്ലെന്നു രോഗികൾ അറിയുന്നത്.
പുറമേ നിന്നു മരുന്നു വാങ്ങാൻ ചെലവാക്കേണ്ടി വരുന്ന തുക സാധാരണക്കാരെ സംബന്ധിച്ചു വളരെ വലുതാണെന്നും പണമില്ലാത്തതിനാൽ കിട്ടിയ മരുന്നുകൊണ്ടു തൃപ്തിപ്പടുകയാണെന്നും രോഗികൾ പറഞ്ഞു. മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിനുള്ള മരുന്നുകൾ ഒരു വർഷത്തേക്കു മൊത്തമായാണ് വാങ്ങാറുള്ളത്. ഇതനുസരിച്ച് മെഡിക്കൽ കോളജ് അധികൃതർ നൽകിയ ലിസ്റ്റിലുള്ള നല്ലൊരു ശതമാനം മരുന്നും ഇതുവരെയും ലഭിച്ചിട്ടില്ല.
എത്തിയ മരുന്നുകളാകട്ടെ ആവശ്യമായ അളവിലുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം, കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനുള്ള മരുന്ന് സ്റ്റോക്കുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ പെന്റോപ്രസോൾ മരുന്ന് ആശുപത്രിയിൽ ഇല്ലായിരുന്നു. അത് കെ.എം.എസ്.സിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് സ്റ്റോക്ക് എത്തുമെന്നാണു പ്രതീക്ഷ.
മരുന്ന് വിതരണത്തിലും അവഗണന
കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ പ്രതിവർഷം 35 കോടി രൂപയുടെ മരുന്നാണു സർക്കാർ നൽകുന്നതെന്നും അതിന്റെ പകുതിപോലും പരിയാരത്ത് ലഭിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ ആരോപിച്ചു. 7 കോടി രൂപയുടെ മരുന്നു മാത്രമാണ് ലഭിക്കുന്നത്.
ആവശ്യമുള്ളതാകട്ടെ 25 കോടി രൂപയുടെ മരുന്നും. ഇത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും ഇപ്പോഴും 9 കോടി രൂപയുടെ മരുന്നിനാണ് അനുമതി. അതിൽത്തന്നെ ഏഴുകോടി രൂപയുടെ മരുന്നേ ലഭിക്കുന്നുള്ളൂ. മറ്റ് മെഡിക്കൽ കോളജിലും അനുവദിച്ചിട്ടുള്ള മരുന്നുകൾ പരിയാരത്തും അനുവദിക്കണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം.