കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ലാബിൽ നിന്ന് തെറ്റായ രക്തപരിശോധനാഫലം നൽകിയെന്ന് പരാതി

Share our post

കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിൽ നിന്ന്‌ തെറ്റായ പരിശോധനാഫലം നൽകിയതായി പരാതി. നരവൂർ സ്വദേശി വി.അനിൽകുമാറാണ് തന്റെ മകളുടെ രക്ത പരിശോധനാഫലം തെറ്റായി രേഖപ്പെടുത്തി നൽകിയെന്ന് കാണിച്ച് ആരോഗ്യമന്ത്രിക്കും ഡി.എം.ഒ.യ്ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്.

അനിൽകുമാറിന്റെ മകൾ കാലുവേദനയെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 31-ന് ഡോക്ടറെ സമീപിക്കുകയും ഡോക്ടർ യൂറിക്‌ ആസിഡ് പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ചൊവ്വാഴ്ച താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിലെത്തി രക്തസാമ്പിൾ നൽകി.

രക്തപരിശോധനാഫലത്തിൽ യൂറിക് ആസിഡ് ടെസ്റ്റിനുപകരം ക്രിയാറ്റിൻ ടെസ്റ്റ് ഫലം രേഖപ്പെടുത്തി നൽകുകയായിരുന്നു. പരിശോധനാഫലം ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ ഉടൻ നെഫ്രോളജിസ്റ്റിനെ സമീപിക്കാൻ നിർദേശിച്ചു. സംശയം തോന്നിയതിനെത്തുടർന്ന് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ക്രിയാറ്റിൻ നോർമലാണെന്ന ഫലമാണ് ലഭിച്ചതെന്ന് അനിൽകുമാർ പറഞ്ഞു.

ലാബിലെ ജീവനക്കാരുടെ അശ്രദ്ധ കാരണം താനും കുടുംബവും മാനസികസംഘർഷത്തിലായെന്നും ഇതിന് കാരണക്കാരായ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പരാതിയിൻമേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ.അലി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!