ഭൂമി തരംമാറ്റാൻ അദാലത്തുകൾ; ആദ്യ അദാലത്ത്‌ 15ന്

Share our post

തിരുവനന്തപുരം : ഭൂമി തരംമാറ്റൽ ഭേദഗതി ബിൽ ഗവർണർ പിടിച്ചുവെച്ചതിലൂടെ അവകാശം നിഷേധിക്കപ്പെട്ട ഒരു ലക്ഷത്തിലേറെ പേർക്ക്‌ ആശ്വാസമെത്തിക്കാൻ സംസ്ഥാന സർക്കാർ. ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ആർഡിഒ കേന്ദ്രങ്ങളിൽ റവന്യുവകുപ്പ്‌ സംഘടിപ്പിക്കുന്ന അദാലത്തുകൾ 15ന്‌ ആരംഭിക്കും. ഡിസംബർ 31 വരെ ലഭിച്ച 1,18,523 അപേക്ഷകൾ തീർപ്പാക്കും. ആദ്യ അദാലത്ത്‌ മാനന്തവാടിയിലും അവസാന അദാലത്ത്‌ ഫോർട്ടു കൊച്ചിയിൽ ഫെബ്രുവരി 17നും നടക്കുമെന്ന്‌ റവന്യുമന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റവന്യുമന്ത്രി അദാലത്തുകളിൽ പങ്കെടുക്കും.

ഭൂമി തരംമാറ്റി നൽകാനുള്ള അധികാരം ആർഡിഒമാർക്കൊപ്പം ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി നൽകി പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തി നിയമസഭ ബിൽ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഒരാക്ഷേപവുമില്ലാത്ത ബില്ലാണ്‌ ഗവർണർ പിടിച്ചുവെച്ചിരിക്കുന്നത്‌.

ആശ്വാസം ഇവർക്ക്‌

സൗജന്യ തരംമാറ്റത്തിന്‌ അർഹതയുള്ള 25 സെന്റുവരെ വിസ്‌തൃതിയുള്ള ഭൂമിയുടെ തരംമാറ്റമാണ്‌ അദാലത്തിൽ പരിഗണിക്കുക. അദാലത്തിൽ പങ്കെടുക്കാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. തരംമാറ്റത്തിനു നൽകിയ അപേക്ഷയ്‌ക്കൊപ്പം നൽകിയ ഫോൺനമ്പരിൽ ടോക്കൺ നമ്പർ അടക്കം സന്ദേശം അയക്കും. അക്ഷയകേന്ദ്രത്തിന്റെ നമ്പരാണ്‌ നൽകിയതെങ്കിൽ ആ നമ്പരിലാകും സന്ദേശം ലഭിക്കുക. അദാലത്തിൽ തീർപ്പാക്കുന്ന അപേക്ഷകളുടെ തരംമാറ്റ ഉത്തരവുകൾ അന്നേദിവസംതന്നെ വിതരണം ചെയ്യും. അപേക്ഷകളിൽ ചില രേഖകൾ ഹാജരാക്കാനുള്ളവർക്കും ഒരിക്കൽക്കൂടി സന്ദേശമയക്കും. തുടർന്നും ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കും. തരംമാറ്റത്തിനായി ആകെ 3,68,711 അപേക്ഷകൾ ലഭിച്ചതിൽ 1,12,304 എണ്ണം ഇതുവരെ തീർപ്പാക്കിയതായും മന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!