ഖുർആൻ കോംപ്ലക്സ് കെട്ടിടോദ്‌ഘാടനവും മതപ്രഭാഷണ പരമ്പരയും ഇന്നുമുതൽ

Share our post

മട്ടന്നൂർ : പഴശ്ശി മഹല്ല് ഹിഫ്‌ളുൽ ഖുർആൻ കോംപ്ലക്സ് കെട്ടിടോദ്‌ഘാടനവും മതപ്രഭാഷണ പരമ്പരയും മൂന്ന് മുതൽ 11 വരെ നടക്കും. 11-ന് വൈകീട്ട് അഞ്ചിന് പാണക്കാട് സ്വാദിഖ്‌ അലി ശിഹാബ് തങ്ങൾ കെട്ടിടോദ്‌ഘാടനം നടത്തും. പരിപാടിയുടെ ഭാഗമായി ദർസ് വാർഷിക കലാ സാഹിത്യ മത്സരം, ദഫ് മത്സരം, കഥാപ്രസംഗം, വനിതാസംഗമം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 6.30-ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. വിവിധ ദിവസങ്ങളിലായി ഷമീർ ദാരിമി കൊല്ലം, പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, ഉമൈർ ദാരിമി വെള്ളായിക്കോട്, പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ആലിക്കുട്ടി മുസ്‌ലിയാർ, പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോട് തുടങ്ങിയവർ പ്രഭാഷണവും പ്രാർഥനയും നടത്തും.

നാലിന് വൈകീട്ട് ദർസ് വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങൾ, എട്ടിന് ജില്ലാതല ദഫ് മത്സരം, ഒൻപതിന് വനിതാ ബോധവത്‌കരണവും കഥാപ്രസംഗവും, 11-ന് മജ്‌ലിസുന്നൂറും കൂട്ടപ്രാർഥനയും ഉണ്ടാകും.

പത്രസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് കെ.പി. മമ്മൂട്ടി ഹാജി, ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൾ സലാം, ബഷീർ മംഗലാടൻ, അസീസ് ഫൈസി, മുനീർ ആറളം, ടി.പി. റഹൂഫ് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!