വെറും 5000 രൂപയ്ക്ക് ഹെലിക്കോപ്റ്റര്‍ യാത്ര; വയനാടിനെ ആകാശത്ത് നിന്ന് കാണാം

പൂക്കാഴ്ചകള്‍ക്കും റൈഡുകള്‍ക്കും പുറമേ വയനാട് ഫ്ളവര്‍ഷോയില്‍ ഇനി ആകാശക്കാഴ്ചകളും കാണാം. മൂന്നുദിവസം നടക്കുന്ന ഹെലികോപ്റ്റര്‍ യാത്ര ബുധനാഴ്ച തുടങ്ങും. ഇതിനോടകം നൂറുപേര്‍ ഹെലികോപ്റ്റര്‍ സവാരിക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ചവരെയാണ് ഹെലികോപ്റ്റര്‍ സവാരി.
അവധിക്കാലം ആസ്വദിക്കാന്‍ സഞ്ചാരികളുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ ബൈപ്പാസിലെ ഫ്ളവര്‍ഷോ നഗരിയില്‍ എത്തുകയാണിപ്പോള്‍. പൂക്കള്‍ കണ്ട് ആസ്വദിച്ചും റൈഡുകളില്‍ കറങ്ങിയും ഏറെനേരം ചെലവഴിച്ചാണ് കുടുംബങ്ങള്‍ മടങ്ങുന്നത്.
ജലധാരയാണ് ഫ്ളവര്‍ഷോയില്‍ എത്തുന്നവരെ ആദ്യം സ്വാഗതംചെയ്യുക. ചുറ്റിലും ലൈറ്റുകളുമായി രാത്രി ജലധാരയുടെ ഭംഗികൂടും. നിരനിരയായുള്ള പൂക്കളാണ് അടുത്ത കാഴ്ച. റോസ്, ഡാലിയ, ജമന്തി, ആന്തൂറിയം, 16 ഇനം ബോഗണ്‍വില്ല, ലില്ലിയം, പോയന്‍സിറ്റിയ, ബോള്‍സം, മെലസ്റ്റോമ തുടങ്ങി ഒട്ടേറെ പൂക്കാഴ്ചകള്‍, ഫല, സസ്യപ്രദര്‍ശനം എന്നിവയാണ് പിന്നീടങ്ങോട്ട്. സെല്‍ഫിയെടുക്കാനായി സെല്‍ഫികോര്‍ണറും ഒരുക്കിയിട്ടുണ്ട്. പഴയ രാജ്ദൂത് ബൈക്ക് വെച്ചുള്ള ഫോട്ടോസെഷനും ആകര്‍ഷകമാണ്.