ഓൺലൈനിൽ ഇനി സുരക്ഷിതരാകാം വരുന്നു സ്ത്രീകൾക്കായി ഡിജിറ്റൽ പാഠശാല

Share our post

കണ്ണൂർ:വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ പാഠശാല പദ്ധതി ഒരുങ്ങുന്നു. ദി ജെൻഡർ പാർക്കും വനിതാ ശിശുവികസന വകുപ്പും സംയുക്തമായാണ് ഈ പദ്ധതി ഒരുക്കുന്നത്.സ്ത്രീകളെ ഡിജിറ്റൽ സാങ്കേതിക വിദ്യ സുരക്ഷിതമായും ഫലപ്രദമായും ആത്മവിശ്വാസത്തോടെയും ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.

സ്ത്രീകൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യം നൽകി ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നൽകുക, ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലുള്ള ധാർമ്മികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ മനസിലാക്കാൻ സഹായിക്കുക, ഓൺലൈനായി വിവരങ്ങൾ ലഭ്യമാക്കുന്നതിനും പങ്കിടുന്നതിനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഓൺലൈൻ ബന്ധം നിലനിർത്തുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

 

ഓൺലൈൻ തട്ടിപ്പിൽ നിന്ന് തലയൂരാം

സ്ത്രീകൾ ഓൺലൈൻ തട്ടിപ്പുകൾക്കും മറ്റും കൂടുതൽ ഇരയാകുന്ന സാഹചര്യത്തിൽ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ ബോധവാൻമാരാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.ജില്ലയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിലും ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും പറ്റിക്കപ്പെടുന്നതിൽ സ്ത്രീകൾ കൂടുതലാണ്.ജില്ലയിൽ അടുത്തിടെ ഒരു സ്ത്രീ കടലിൽ ചാടി മരിച്ചത് ഓൺലൈൻ ജോലിവാഗ്ദാന തട്ടിപ്പിന് ഇരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെ തുടർന്നാണ്.പലപ്പോഴും ഇത്തരം തട്ടിപ്പ് സംഘങ്ങൾ വീട്ടമ്മമാരെയാണ് ലക്ഷ്യം വയ്ക്കുന്നത്.ചതിക്കുഴികളിൽപ്പെടാതിരിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ കൃത്യമായ ബോധവത്കരണത്തിലൂടെ സാധിക്കും.

പദ്ധതി ലക്ഷ്യങ്ങൾ ഇനിയുമുണ്ട്

*ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ മനസിലാക്കി ജിവിതം മെച്ചപ്പെടുത്തുക

*സ്ത്രീകൾക്കിടയിലുള്ള ഡിജിറ്റൽ സാക്ഷരതാ നിരക്ക് വർദ്ധിപ്പിക്കുക

* ഡിജിറ്റൽ വിഭജനം കുറയ്ക്കുക

പാഠ്യപദ്ധതി ഏഴ് മൊഡ്യൂളുകളിൽ

ഏഴ് മൊഡ്യൂളുകൾ ഉൾക്കൊള്ളിച്ചാണ് പാഠ്യപദ്ധതി തയാറാക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ബാങ്കിംഗ് സംവിധാനങ്ങൾ, പേമെന്റ് സേവനങ്ങൾ, എടി.എം ഉപയോഗം, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇമാർക്കറ്റിംഗ് തുടങ്ങിയവയാണ് മൊഡ്യൂളുകളിൽ ഉൾക്കൊള്ളിച്ചത്. ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ ശിൽപശാല നടത്തിയാണ് മൊഡ്യൂൾ തയാറാക്കിയത്. വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. പരിശീലനം ലഭിച്ച ട്രെയിനേഴ്‌സ് അങ്കണവാടി വർക്കേഴ്‌സിനും കുടുംബശ്രീ പ്രവർത്തകർക്കും പലരിശീലനം നൽകും. ഇവർ പൊതുസമൂഹത്തിലെ സത്രീകൾക്ക് പരിശീലനം നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!