മാർച്ചിൽ 8000 വീടുകളിൽ പാചകവാതകമെത്തിക്കും : സിറ്റി ഗ്യാസ് പ്രീ കമ്മിഷൻചെയ്തു; കമ്മിഷനിങ് ഈമാസം

കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിയുടെ കൂടാളിമുതൽ മേലേ ചൊവ്വ വരെയുള്ള പ്രധാന പൈപ്പ് ലൈൻ പ്രീ കമ്മിഷൻചെയ്തു. പൈപ്പ് ലൈനിൽ നൈട്രജൻ കടത്തിവിട്ട് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുന്നതാണ് പ്രീ കമ്മിഷനിങ്.
ഇതോടെ ഇത്രയും ഭാഗം പ്രവർത്തനസജ്ജമായി. ഈ മേഖലയിലെ വീടുകളിലേക്ക് കണക്‌ഷൻ നൽകുന്ന പ്രവൃത്തി നടക്കുകയാണ്. ഇത് മാർച്ച് അവസാനത്തോടെ പൂർത്തിയാക്കും. അതോടെ കോർപ്പറേഷനിലെ 14, 15, 16, 17, 18,20, 22, 25 ഡിവിഷനുകളിലെ 8,000 വീടുകളിൽ പൈപ്പിലൂടെ പാചകവാതകമെത്തിക്കും.
ചുരുങ്ങിയ ചെലവിൽ വീടുകളിലേക്ക് നേരിട്ട് പാചകവാതകവും (പി.എൻ.ജി.) വാഹനങ്ങളിലേക്ക് പ്രകൃതിവാതകവും (സി.എൻ.ജി.) എത്തിക്കാൻ ലക്ഷ്യമിട്ടാണ് ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി തുടങ്ങിയത്. സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ച് കൂടാളിയിൽനിന്നാണ് വാതകമെത്തിക്കുന്നത്.
പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ അംഗീകാരം കിട്ടിയാൽ പദ്ധതി ഈമാസം തന്നെ കമ്മിഷൻചെയ്യാനാകും. മേലേ ചൊവ്വ മുതൽ വളപട്ടണംവരെ പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ഇപ്പോൾ കാൽടെക്സ് വരെയെത്തി. തലശ്ശേരി ഭാഗത്തേക്ക് പൈപ്പ് ഇടുന്ന പണി തോട്ടടവരെയായി.
പമ്പിങ് സ്റ്റേഷൻഏച്ചൂരിൽ
ആദ്യ സി.എൻ.ജി. പമ്പിങ് സ്റ്റേഷൻ ഈമാസം ഏച്ചൂരിൽ പ്രവർത്തനം തുടങ്ങും. അത് സജ്ജമായാൽ വാഹനങ്ങളിൽ വാതകം എത്തിക്കേണ്ടതില്ല.
സെൻട്രൽ ജയിലിന് സമീപം മാത്രമാണ് നിലവിൽ കോർപ്പറേഷൻ പരിധിയിൽ സി.എൻ.ജി. പമ്പിങ് സ്റ്റേഷനുള്ളത്. ഇവിടെയെല്ലാം ഇപ്പോൾ കൂടാളിയിൽനിന്നാണ് വാതകം എത്തിക്കുന്നത്. അഞ്ച് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. തലശ്ശേരിയിലും കമ്പിലിലും രണ്ട് സ്റ്റേഷനുകൾ ഈ മാസം കമ്മിഷൻചെയ്യും.