ആരവങ്ങളും ആർപ്പുവിളികളും; ജില്ലയിൽ വോളിഗ്രാമങ്ങൾ ഉണരുന്നു

Share our post

പയ്യന്നൂർ: ജില്ലയിലെ വോളിബോൾ കോർട്ടുകളിൽ ആവേശം അലയടിക്കുന്നു. ഫ്ലഡ് ലിറ്റ് വെളിച്ചം വിതറുന്ന താത്കാലിക സ്റ്റേഡിയങ്ങളിലെങ്ങും ആർപ്പുവിളികളും ആരവങ്ങളുമാണ്.

വോളിബോൾ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലെല്ലാം വൻ ജനക്കൂട്ടം ഒഴുകിയെത്തുന്നു. ഒരുനാൾ വോളിബോൾ ആവേശം നിലച്ച ഗ്രാമങ്ങളൊക്കെ ഇപ്പോൾ കളി തിരിച്ചുവരവിന്റെ പാതയിലാണ്.

പയ്യന്നൂർ കാറമേൽ യുവശക്തി സ്പോർട്‌സ് ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റ് കാണാൻ വൻ ജനാവലിയാണ് എല്ലാ ദിവസവും എത്തിയത്.

അന്നൂർ ഭഗത് സിങ് ക്ലബിന്റെ ടൂർണമെന്റും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പാണപ്പുഴ റെഡ് സ്റ്റാർ, ഉദയ പരവന്തട്ട, പീപ്പിൾസ് വേങ്ങാട്, തേർത്തല്ലി എക്കോ വോളി തുടങ്ങിയ ക്ലബുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ടൂർണമെന്റുകൾ സംഘടിപിക്കുന്നുണ്ട്.

രാത്രി വെളിച്ചത്തിൽ

വെള്ളച്ചാൽ, പേരാവൂർ, പട്ടാന്നൂർ, കാനായി, മക്രേരി, പാടിയോട്ടുചാൽ, കടാങ്കുന്ന്, കക്കോട്, പരവന്തട്ട, പറവൂർ, പാണപ്പുഴ, പട്ടാനുർ, എരമം, വേളം,മുണ്ടേരി,ചന്തപ്പുര, ഏഴിലോട്, കുന്നരു, മാതമംഗലം, ഏര്യം ആലക്കാട്, പെരിന്തട്ട, കൂവേരി, പന്നിയൂർ തുടങ്ങി നിരവധി വോളി ഗ്രാമങ്ങളാണ് ജില്ലയിലുള്ളത്.

വർഷങ്ങൾക്കുമുൻപ് ടൂർണമെന്റുകൾ പകൽവെളിച്ചത്തിലാണ് നടത്തിയിരുന്നതെങ്കിൽ ഇപ്പോഴത് ഫ്ലഡ് ലിറ്റിലേക്കും താത്കാലിക ഗാലറിയിലേക്കും മാറി.

ക്ലബുകൾ

ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയാണ് നിലവിൽ വോളിബോൾ ടൂർണമെന്റുകളും ചാമ്പ്യൻഷിപ്പുകളും നിയന്ത്രിക്കുന്നത്.

ടെക്നിക്കൽ കമ്മിറ്റിക്കുകീഴിൽ 115 വോളി ക്ലബുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. രജിസ്റ്റർചെയ്യാത്ത ക്ലബുകളുമുണ്ട്.

സ്വന്തമായി കോർട്ടുള്ളവരും കളിപരിശീലനവും മത്സരങ്ങളും നടത്തിവരുന്നവരാണിവർ. ഈ ക്ലബുകൾ മിക്കവയും ടൂർണമെന്റുകളും സംഘടിപ്പിക്കാറുണ്ട്. നിരവധി താരങ്ങളാണ് ഇത്തരം കളിയിടങ്ങളിൽനിന്ന് ദേശീയ അന്തർദേശീയ താരങ്ങളായി ഉയർന്നത്.

വനിതാ ടീമുകൾ സജീവം

ജില്ലയിൽ വനിതാ വോളി ടീമുകളും സജീവമാണ്. പത്തോളം വനിതാ ടീമുകൾ രംഗത്തുണ്ട്. പട്ടാന്നൂർ, മക്രേരി, പേരാവൂർ, മമ്പറം, ചിറ്റാരിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വനിതാ ടീമുകൾ വോളിബോളിൽ തിളങ്ങുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!