‘റോബിന്‍ മാതൃക’യിലെ സര്‍വീസ്; നിയമലംഘനം കണ്ടെത്തിയാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സും പോകും

ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ സമാന്തരസര്‍വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ‘റോബിന്‍’ ബസിന്റെ മാതൃകയില്‍ നിയമലംഘനം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. വാഹനങ്ങള്‍ക്ക് പിഴചുമത്തിയാലും തുകയടച്ച് വീണ്ടും നിയമം ലംഘിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവര്‍മാരെക്കൂടി പ്രതിചേര്‍ക്കുന്നത്.
നോട്ടീസ് നല്‍കി വിശദീകരണം തേടിയശേഷമാകും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ശിക്ഷാവിവരം രേഖകളില്‍ ഉള്‍ക്കൊള്ളിക്കും. ഈ കാലയളവില്‍ വാഹനം ഓടിക്കാനാകില്ല. ഒക്ടോബറില്‍ ഇത്തരത്തില്‍ ഓടിയ 334 ബസുകള്‍ പിടികൂടിയിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലും 300 ബസുവീതവും പിടികൂടി. ഇതിലെ ഡ്രൈവര്‍മാരുടെ വിശദാംശങ്ങള്‍ ശേഖരിച്ചശേഷം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുംവിധം വാഹനങ്ങള്‍ പിടിച്ചെടുക്കില്ല. സാമൂഹികമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങളിലൂടെയാണ് ചില ഓപ്പറേറ്റര്‍മാര്‍ യാത്രക്കാരെ കണ്ടെത്തുന്നത്. ഇത് റൂട്ട് പെര്‍മിറ്റ് വ്യവസ്ഥയുടെ ലംഘനമാണെന്ന നിയമോപദേശമാണ് ഗതാഗതവകുപ്പിന് ലഭിച്ചിട്ടുള്ളത്.
ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ഭാഗം കൃത്യമായി കോടതിക്ക് മുന്നിലെത്തിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റിലെ നിയമവിഭാഗവുമായി കൂടിയാലോചിച്ചുമാത്രമേ സത്യവാങ്മൂലം നല്‍കൂ.
ആരാധക യാത്ര നിരീക്ഷണത്തില്‍
മോട്ടോര്‍വാഹനവകുപ്പിനെ വെല്ലുവിളിച്ച് ഓടിത്തുടങ്ങിയ ചില ബസുകള്‍ ആരാധകരുമായി മാത്രമാണ് യാത്രനടത്തുന്നത്. കോണ്‍ട്രാക്ട് കാര്യേജിന്റെ മാതൃകയില്‍ നേരത്തേ യാത്രക്കാരുടെ പട്ടികയും കരാറും തയ്യാറാക്കിയാണ് യാത്ര. ഇതില്‍ കേസെടുക്കാന്‍ പരിമിതിയുണ്ട്. ട്രിപ്പ് ലാഭകരമാകണമെങ്കില്‍ വഴിയില്‍നിന്നു യാത്രക്കാരെ കയറ്റേണ്ടിവരും. അതിന് മുതിര്‍ന്നാല്‍ പിടിവീഴും.