ആറളം മാഞ്ചുവോട് പുതിയ പാലത്തിന് രണ്ടുകോടിയുടെ ഭരണാനുമതി

ഇരിട്ടി : 2018-ലെ പ്രളയത്തിൽ പൂർണമായും തകർന്ന ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചുവോട് പാലം പുനർ നിർമിക്കുന്നതിന് രണ്ടുകോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എൽ.എ. അറിയിച്ചു.
കഴിഞ്ഞവർഷത്തെ ബജറ്റിൽ പാലത്തിനായി തുക വകയിരുത്തിയിരുന്നു. രണ്ട് കോടി രൂപ അനുവദിച്ചുകൊണ്ട് പാലം നിർമിക്കുന്നതിനുള്ള ഭരണാനുമതിയാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
പ്രളയ ദുരന്തത്തിന്റെ പരിഹാരം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഫണ്ട് അനുവദിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വിജയിക്കാത്തതിനെ തുടർന്നാണ് ബജറ്റ് വിഹിതമായി പണം ലഭ്യമാക്കിയിട്ടുള്ളത്.
പാലം തകർന്നതിനെ തുടർന്ന് സൈന്യം നിർമിച്ച താത്‌കാലിക പാലത്തിലൂടെയായിരുന്ന ഒരുവർഷം നാട്ടുകാർ യാത്രചെയ്തിരുന്നത്. പിന്നീട് അതും തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. അനുമതി പുതുവത്സര സമ്മാനമായി ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതായും എം.എൽ.എ. പറഞ്ഞു.