കണ്ണൂർ മേയർ ടി.ഒ. മോഹനൻ രാജിവച്ചു; അടുത്ത രണ്ടു വർഷം മുസ്‌ലിം ലീഗിന്

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ രാജിവച്ചു. മുൻ ധാരണപ്രകാരമാണ് രാജി. മൂന്നു വർഷത്തിനുശേഷമാണ് കോൺഗ്രസ് മേയർ രാജി വയ്ക്കുന്നത്. അടുത്ത രണ്ടു വർഷം മുസ്‌ലിം ലീഗിനായിരിക്കും മേയർ സ്ഥാനം.
രണ്ടു വർഷം പൂർത്തിയായപ്പോൾ തന്നെ മുസ്‌ലിം ലീഗ് മേയർ സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിരുന്നു. മൂന്നു വർഷം പൂർത്തിയായാൽ രാജി എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. ജൂൺ മുതൽ ചർച്ച ചൂടുപിടിച്ചു. ഒടുവിൽ ഇരു നേതൃത്വവും തമ്മിൽ പരസ്യ തർക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യമായി. ഒടുവിൽ ജനുവരി ഒന്നിന് രാജിവയ്ക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
പുതിയ മേയർ ആരാവണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചത്. പാർലമെന്ററി പാർട്ടി നേതാവ് മുസ്‌ലിഹ് മടത്തിലും ഡപ്യൂട്ടി മേയർ കെ. ഷബീനയുമാണ് പരിഗണനയിലുള്ളത്.