മാട്ടൂൽ ബോട്ട് ജെട്ടിയിലേക്കുള്ള അനുബന്ധ റോഡിന്റെ പണി പൂർത്തിയായി

മാട്ടൂൽ : മാട്ടൂൽ-അഴീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ബോട്ട് യാത്രയ്ക്കായി മാട്ടൂൽ അഴീക്കലിൽ പണിത ബോട്ടുജെട്ടിയുടെ നിർമാണം പൂർത്തിയാക്കി. ജെട്ടിയിൽ നിന്ന് പ്രധാന റോഡിലേക്കുള്ള വഴി ഏറെ മുറവിളിക്കൊടുവിൽ പൂർത്തിയായതോടെയാണ് നിർമാണം പൂർണമായത്. പൂർത്തിയാക്കാത്തതിനാൽ ബോട്ടുജെട്ടിയിൽനിന്ന് അനുബന്ധ റോഡിലേക്ക് ഇറങ്ങേണ്ട സ്ഥലത്തെ അപകടാവസ്ഥയെപ്പറ്റി പലതവണ വാർത്ത നൽകിയിരുന്നു.
പ്രധാന റോഡിൽ നിന്ന് ബോട്ടുജെട്ടി വരെയുള്ള ഭാഗം പാർശ്വഭിത്തി കെട്ടുകയും നിലത്ത് ചെറിയ കരിങ്കൽച്ചീളുകൾ പാകുകയുംചെയ്ത് മാസങ്ങളായിട്ടും പൂർത്തിയാക്കാത്തതായിരുന്നു യാത്രക്കാർക്ക് വലിയ ദുരിതമായി മാറിയത്. കൊരുപ്പുകട്ടവെച്ച് മനോഹരമായാണ് അനുബന്ധറോഡ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ടൂറിസം മേഖലയിൽ തന്നെ വൻ കുതിച്ചുചാട്ടത്തിന് ഭാവിയിൽ സാധ്യതയുള്ള പ്രദേശമാണ് മാട്ടൂൽ.
ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ കേന്ദ്രഫണ്ടായ 95 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനികരീതിയിൽ ബോട്ടുജെട്ടിയുടെ നിർമാണം പൂർത്തിയാക്കിയത്.