അഗ്നിരക്ഷാവകുപ്പിന് പേരാവൂർ പഞ്ചായത്തനുവദിച്ച ഭൂമിയിൽ അഗ്നിരക്ഷാനിലയം നിർമിക്കാൻ അനുമതി

പേരാവൂർ: വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരാവൂർ അഗ്നിരക്ഷാനിലയത്തിന്പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ ഭൂമിയിൽ അഗ്നിരക്ഷാ നിലയം നിർമിക്കാൻ ജില്ലാ കളക്ടർ അനുമതി നല്കി.പ്രസ്തുത ഭൂമി അഗ്നിരക്ഷാ വകുപ്പിന് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇരിട്ടി താലൂക്ക് തഹസിൽദാറോട് ജില്ലാ കളക്ടർ അരുൺ.കെ.വിജയൻ ഉത്തരവിട്ടു.
പേരാവൂർ-പെരിങ്ങാനം റോഡിൽ 20 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയാണ് പേരാവൂർ പഞ്ചായത്ത് അഗ്നിരക്ഷാവകുപ്പിന് വിട്ടുനല്കിയത്.ഭൂമിയുടെ നിയന്ത്രാധികാരം റവന്യൂ വകുപ്പിനു തന്നെ നിലനിർത്തി അഗ്നിരക്ഷാനിലയം നിർമിക്കാനും ഭൂമി ഉപയോഗിക്കാനുമുള്ള അനുമതിയാണ് അഗ്നിരക്ഷാവകുപ്പിന് ജില്ലാ കളക്ടർ നല്കിയത്.
ഭൂമി അനുവദിച്ച തീയതി മുതൽ ഒരു വർഷത്തിനകം തന്നെ അഗ്നിരക്ഷാനിലയത്തിന്റെ നിർമാണം ആരംഭിക്കണമെന്നും ഉത്തരവിലുണ്ട്.പഞ്ചായത്ത് പരിധിയിൽ വരുന്ന 50 സെന്റ് വരെയുള്ള ഭൂമി സർക്കാർ സേവന വകുപ്പുകൾക്ക് കൈമാറി നല്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള 2018-ലെ 31/ആർ.ഡി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതോടെ, പതിനഞ്ച് വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാനിലയം സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള സാഹചര്യമൊരുങ്ങി.