പേരാവൂരിൽ കുട്ടികൾക്ക് നാടക കളരി ഒരുക്കി

പേരാവൂർ: വിദ്യാഭ്യാസം, ആരോഗ്യം എന്നിവയോടൊപ്പം കലാ കായിക രംഗത്തും പഞ്ചായത്തിലെ മുഴുവൻ കുട്ടികളെയും മികച്ച പ്രതിഭകളാക്കി മാറ്റുന്നതിനായി പേരാവൂരിൽ കുട്ടികൾക്കുള്ള നാടക കളരി നടത്തി.മികച്ച ബാല സൗഹൃദ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള പേരാവൂർ പഞ്ചായത്ത് കഴിഞ്ഞ ഒരാഴ്ചയായി കുട്ടികൾക്ക് അഭിനയത്തിൻ്റെ ബാലപാഠങ്ങൾ പകർന്ന് നാടകം പഠിക്കാൻ അവസരമൊരുക്കി.
പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴാം ക്ലാസ് വരെയുള്ള 30 കുട്ടികളാണ് നാടക കളരിയിൽ പരിശീലനം പൂർത്തിയാക്കിയത്. ഇതോടെ പഞ്ചായത്ത് തലത്തിൽ കുട്ടികളുടെ സ്ഥിരം നാടകവേദി പേരാവൂരിൽ സജ്ജമായി.
നാടകത്തിന് പുറമെ യോഗ, കളരി, നീന്തൽ തുടങ്ങി കലാകായിക രംഗങ്ങളിൽ പഞ്ചായത്തിലെ കുട്ടികൾക്ക് സ്വതന്ത്രമായി വളരുന്നതിന് അവസരം ഒരുക്കുന്നതിലൂടെ ഒരുവർഷം കൊണ്ട് സമ്പൂർണ ബാലസൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ശ്രമത്തിലാണ് അധികാരികൾ.
രാജേഷ് മണത്തണ,ടി.കെ. ഡി. മുഴപ്പിലങ്ങാട്, സത്യൻ കാവിൽ, ഗണേഷ് വേലാണ്ടി, വിൻസെൻ്റ് ചെടിക്കുളം എന്നിവരാണ് ക്ലാസ് നയിച്ചത്.
സമാപനം പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. റീന മനോഹരൻ ,എം. ഷൈലജ,നാടക പരിശീലകൻ ടി.കെ.ഡി. മുഴപ്പിലങ്ങാട്, കെ. വി. ബാബു, ബേബിസോജ,ടി. രഗിലാഷ്, ജയരാജൻ,ജോമോൻ തുടങ്ങിയവർ സംസാരിച്ചു.