മുത്തങ്ങയിലേക്ക് സഞ്ചാരി പ്രവാഹം; വൈല്‍ഡ്‌ലൈഫ് സഫാരിക്ക് എത്തുന്നത് വിദേശികള്‍ ഉള്‍പ്പടെ

അവധിക്കാലത്ത് കര്‍ണാടകയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ ബത്തേരിയില്‍ ഗതാഗതക്കുരുക്ക് പതിവ്. ഗുണ്ടല്‍പേട്ട വഴി ജില്ലയുടെ വിവിധയിടങ്ങളിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ ബത്തേരി പട്ടണത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് കേരളത്തില്‍നിന്ന് പോകുന്നവരും ബത്തേരി വഴി തിരഞ്ഞെടുക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.
സഞ്ചാരികളെത്തുന്നത് വൈല്‍ഡ് ലൈഫ് സഫാരിക്ക്
മുത്തങ്ങയില്‍ സന്ദര്‍ശകരുടെ വന്‍തിരക്കാണ് കഴിഞ്ഞദിവസങ്ങളിലനുഭവപ്പെട്ടത്. വനംവകുപ്പ് നടത്തുന്ന വൈല്‍ഡ് സഫാരി ആസ്വദിക്കുന്നതിനാണ് വലിയതോതില്‍ സന്ദര്‍ശകരെത്തുന്നത്. വിദേശികളടക്കമുള്ള സഞ്ചാരികളാണ് മുത്തങ്ങയില്‍ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ദിവസവുമെത്തുന്നത്. വയനാട് വന്യജീവിസങ്കേതത്തിലൂടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സഫാരിയാണ് വനംവകുപ്പ് നടത്തുന്നത്.
മുത്തങ്ങയിൽ വനംവകുപ്പിന്റെ വൈൽഡ് സഫാരിക്കായെത്തിയ സഞ്ചാരികൾ
നാല് മിനി ബസുകളിലും ജീപ്പുകളിലുമായാണ് സഫാരി. ക്രിസ്മസ് മുതല്‍ ദിവസേന എഴുനൂറോളം സഞ്ചാരികളാണ് മുത്തങ്ങയിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകീട്ടുമാണ് സഫാരിയുള്ളത്. വന്യമൃഗങ്ങളെ കണ്ട് കാനനയാത്ര ആസ്വദിക്കുകയെന്നതാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ലക്ഷ്യം. മാനും കാട്ടാനയുമടക്കമുള്ളവയെ കാണാറുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് പുലിയെയും കടുവയെയും ഇവിടെ കാണുന്നത്.
300 രൂപയാണ് ഒരാള്‍ക്ക് പ്രവേശനനിരക്ക്. കുട്ടികള്‍ക്ക് 150 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് പ്രവേശനനിരക്ക്. കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികളാണ് കൂടുതലായുമെത്തുന്നത്. മൈസൂരു, ബെംഗളൂരു പട്ടണങ്ങളില്‍ നിന്നുള്ളവരാണിവര്‍. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നും ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. ബത്തേരിയിലെ ജൈനക്ഷേത്രമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
ബത്തേരിയില്‍ ഗതാഗതക്കുരുക്ക്
കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ബത്തേരി പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കെത്തുന്ന കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികള്‍ ഭൂരിഭാഗവും ബത്തേരി വഴിയാണ് കടന്നുപോകുന്നത്. ബത്തേരിക്ക് സമീപമുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമാണ് ഇവരില്‍ കൂടുലാളുകളും താമസിക്കാനായി തിരഞ്ഞെടുക്കുന്നത്.
സഞ്ചാരികളുടെ എണ്ണം കൂടിയതോടെ വൈകുന്നേരത്തോടടുക്കുമ്പോള്‍ അവധിക്കാലദിവസങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് ബത്തേരിയിലനുഭവപ്പെടുന്നത്. ശനിയും ഞായറും ഈ തിരക്ക് കൂടാനാണ് സാധ്യത. പ്രതിസന്ധി പരിഹരിക്കുന്നതിനായി തദ്ദേശഭരണസംവിധാനവും പോലീസും ടൗണില്‍ അവധിദിവസങ്ങളില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.