ക്ഷീരസംഘം-ഹരിതസംഘം സർവ്വെ പൂർത്തിയായി: ശുചിത്വം മുഖ്യം

കണ്ണൂർ: ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളെ ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നത് ലക്ഷ്യമിട്ട ക്യാമ്പയിന്റെ ആദ്യഘട്ടമായ ക്ഷീരസംഘം-ഹരിതസംഘം ക്യാമ്പയിൻ സർവ്വെ പൂർത്തിയായി.
നവംബർ 26 നാണ് സർവ്വെ തുടങ്ങിയത്.ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സർവേ. സംസ്ഥാനത്ത് ഇത്തരമൊരു കാമ്പയിനും സർവ്വെയും ഇതാദ്യത്തേതാണ്.
ക്ഷീര സഹകരണ സംഘങ്ങൾ ശുചിത്വവും ഹരിതവുമായ സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ നേരത്തേ ക്ഷീര സംഘങ്ങൾക്ക് നൽകിയിരുന്നു. പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം, ക്ഷീര സ്ഥാപന ശുചിത്വം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് മാർഗ്ഗ നിർദ്ദേശങ്ങൾ നല്കിയിരുന്നത്.
നേരിട്ടുള്ള പരിശോധനയിൽ ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾക്ക് എ പ്ലസ് ,എ, ബി,എന്നീ ഗ്രേഡുകളാണ് നൽകുന്നത്.നൂറു മാർക്ക് ലഭിച്ച സംഘങ്ങൾക്ക് എ പ്ലസ് ലഭിക്കും.ഗ്രേഡുകൾ ഇങ്ങനെ90 -100 മാർക്ക് – എ80 -89 മാർക്ക് -ബി80ൽ താഴെ – ഗ്രേഡ് ഇല്ല.105 സംഘങ്ങൾക്ക് എ.പ്ളസ്ജില്ലയിൽ 215 ക്ഷീര സംഘങ്ങളിലാണ് ഇതിനകം സർവ്വെ നടത്തിയത്.
ഇതിൽ 105 സംഘങ്ങൾക്കു എ പ്ലസ് ഗ്രേഡും 38 സംഘങ്ങൾക്ക് എ ഗ്രേഡും 24 സംഘങ്ങൾക്ക് ബി ഗ്രേഡും ലഭിച്ചു. ഒരു ഗ്രേഡും ലഭിക്കാത്ത 48 സംഘങ്ങൾ ജില്ലയിൽ ഉണ്ട്. ഗ്രേഡ് ലഭിക്കാത്ത സംഘങ്ങൾക്ക് 30 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അപേക്ഷ നൽകി പുന:പരിശോധന നടത്തി ഗ്രേഡ് നേടാൻ അവസരം നൽകും.