ബോട്ടിനൊപ്പം കപ്പലിലും ജോലി; അഴീക്കോട്ടുണ്ട് നൂതന കോഴ്‌സ്

ജലഗതാഗത മേഖലയിൽ മത്സ്യത്തൊഴിലാളികളടക്കം നിരവധി പേർക്ക് തൊഴിൽ സാധ്യതയേകി അഴീക്കോട് മാരിടൈം അക്കാദമിയിൽ നൂതന കോഴ്‌സുകൾ. ഉൾനാടൻ ജലഗതാഗത നിയമപ്രകാരം പരിഷ്‌കരിച്ച ഐ.വി (ഇൻലാൻഡ് വെസൽ) റൂൾ 2022 പ്രകാരമുള്ള കോഴ്‌സുകളാണ് ആരംഭിച്ചത്. കേരളത്തിൽ മാത്രം ഉപയോഗിക്കാനുള്ള ലൈസൻസ് നൽകുന്ന കെ.വി കോഴ്‌സുകളാണ് നടത്തിയിരുന്നത്. പുതിയ ഐ.വി കോഴ്‌സുകൾ പൂർത്തീകരിക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും ബോട്ട് ഓടിക്കാം. കപ്പലിലും ജോലിസാധ്യത തെളിയും. കെ.വി ലൈൻസുള്ളവർക്കും കടലിൽ പരിചയമുള്ളവർക്കും ചുരുങ്ങിയ ദിവസത്തിനകം പുതിയ കോഴ്‌സ് പഠിക്കാൻ അവസരമുണ്ട്. പുതുതലമുറയ്‌ക്കും പുതിയ കോഴ്‌സുകളിൽ ചേരാം. കേരളത്തിൽ ആദ്യമായി അഴീക്കോട്ടാണ് ഇത്തരം ആധുനിക കോഴ്‌സുകൾക്ക് തുടക്കംകുറിക്കുന്നത്. കേരള മാരിടൈം അക്കാദമി യൂണിവേഴ്‌സിറ്റിയായും വളരുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ ചരിത്രനേട്ടമായി ഇത് മാറും.
പുതിയവർക്ക് ഐ.വി റൂൾപ്രകാരം മൂന്നുമാസത്തെ ജനറൽ പർപ്പസ് കോഴ്‌സാണ് തുടക്കം. പത്താംക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസ സൗകര്യങ്ങളുണ്ട്. എ.സി സൗകര്യത്തോടെയാണ് മികച്ച അക്കാദമിക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജി.പി കഴിഞ്ഞാൽ താൽപ്പര്യപ്രകാരം ഡക്കിലേക്കോ എൻജിൻ സൈഡിലേക്കോ പോകാം. നിശ്ചിതമാസം സർവീസ് പൂർത്തീകരിക്കുന്ന മുറയ്‌ക്ക് സ്രാങ്ക് അഥവാ മാസ്‌റ്റർ ക്ലാസ് 3, മാസ്‌റ്റർ ക്ലാസ് 2, മാസ്‌റ്റർ ക്ലാസ് 1, അല്ലെങ്കിൽ എൻജിൻ ഡ്രൈവർ 2, എൻജിൻ ഡ്രൈവർ 1, ഐ.വി എൻജിനിയർ എന്നിങ്ങനെ ഒരു മാസത്ത കോഴ്‌സുകൾ വഴി സ്ഥാനക്കയറ്റം നേടാം. കെ.വി ലൈസൻസുള്ളവർക്ക് പുതിയ സ്‌കീമിലേക്ക് മാറാം. നാലുമുതൽ ആറു ദിവസംവരെ മാത്രമാണ് കോഴ്‌സ്. കോഴ്‌സുകൾക്ക് നിശ്ചിത ഫീസുണ്ട്.
ജലഗതാഗത മേഖലയിലെ തൊഴിലവസരങ്ങൾക്ക് പ്രൊഫഷണൽ യോഗ്യതയുള്ള വിദഗ്ധരെ വാർത്തെടുക്കാനാണ് പുതിയ കോഴ്‌സുകൾ ആരംഭിച്ചതെന്ന് അക്കാദമി പ്രിൻസിപ്പൽ ക്യാപ്‌റ്റൻ പ്രദീഷ് കെ.ജി. നായർ പറഞ്ഞു. ബോട്ട് ഡ്രൈവിങ്, സേഫ്‌റ്റി കോഴ്‌സുകൾ, നീന്തൽ, ഫയർ പരിശീലനം തുടങ്ങി ആധുനിക പരിശീലനങ്ങളും കേന്ദ്രത്തിലുണ്ട്. ഭാവിയിൽ യൂണിവേഴ്‌സിറ്റിയാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.