പുതുവർഷത്തിൽ കുതിക്കും എക്‌സ്‌പോസാറ്റ്

തിരുവനന്തപുരം : പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി കൂടുതൽ അറിയാൻ ഏറ്റവും ആധുനികമായ ഉപഗ്രഹവുമായി ഐ.എസ്.ആർ.ഒ. ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) ജനുവരി ഒന്നിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.10ന് പിഎസ്.എൽ.വി.സി – 58 റോക്കറ്റ് പേടകവുമായി കുതിക്കും. തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ, നെബുലകൾ, പൾസാറുകൾ തുടങ്ങിയവയെപ്പറ്റി സൂക്ഷ്‌മമായി പഠിക്കുകയാണ് ലക്ഷ്യം.
പ്രപഞ്ചത്തിലെ തീവ്രമായ എക്സ്-റേ സ്രോതസ്സുകൾ, ബ്ലാക്ക് ഹോളുകൾക്ക് മറ്റു പ്രപഞ്ചവസ്‌തുക്കളുടെമേലുള്ള സ്വാധീനം തുടങ്ങിയവയെപ്പറ്റിയെല്ലാം വിവരങ്ങൾ ശേഖരിക്കും. 469 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിൽ രണ്ട് പ്രധാന പരീക്ഷണ ഉപകരണങ്ങളുണ്ട്. അഞ്ചു വർഷമാണ് കാലാവധി. പ്രപഞ്ച ശാസ്‌ത്ര പഠനത്തിൽ വഴിത്തിരിവാകുന്ന വിക്ഷേപണത്തിന് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ്-3 ഡി.എസ് ഉപഗ്രഹം ജനുവരി അവസാനം വിക്ഷേപിക്കും. ജി.എസ്.എൽ.വി.എഫ് – 14 റോക്കറ്റ് ഇതിനായി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.