ഇ.എം സാങ്കേതിക വിദ്യ; മണ്ണിന്റെ ആരോഗ്യം കൂട്ടാം

Share our post

വിളകളുടെ ഉൽപ്പാദനക്ഷമത നിർണയിക്കുന്ന പ്രധാന ഘടകം മണ്ണാണ്. സൂക്ഷ്‌മാണുക്കളുടെ വംശനാശം മണ്ണിനെ പ്രതികൂലമായി ബാധിക്കും. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്‌മജീവികൾ കൃഷി വിജയകരമാക്കുന്നുവെന്ന തിരിച്ചറിവാണ് ഇഫക്ടീവ് മൈക്രോ ഓർഗാനിസം (ഇ.എം) സാങ്കേതിക വിദ്യയിലേക്ക്‌ എത്തിച്ചത്‌.

ഇഫക്ടീവ് മൈക്രോ ഓർഗാനിസം എന്ന സൂക്ഷ്‌മാണു മിശ്രിതത്തിന്റെ ഉപയോഗം എൺപതുകളിൽ ജപ്പാനിലാണ് തുടങ്ങിയത്‌. എന്നാലിന്ന് ലോകം മുഴുവൻ ഇത്‌ വ്യാപിച്ചു കഴിഞ്ഞു. ലാക്ടിക്ക് ആസിഡ് ബാക്ടീരിയയും യീസ്റ്റും ഫോട്ടോട്രാപിക്ക് ബാക്ടീരിയയും ചേർന്ന കൂട്ടുകെട്ടാണിത്‌. ജൈവവസ്തുക്കൾ പെട്ടെന്ന് അഴുകാനും വിളകൾക്ക്‌ ആവശ്യമായ പോഷകമൂലകങ്ങളും ധാതുക്കളും നൽകാനും സൂക്ഷ്‌മ ജീവികളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഇത്‌ സഹായകമാണ്‌. ഉപകാരികളായ സൂക്ഷ്‌മാണുക്കളുടെ എണ്ണം കൂട്ടാനും ഹാനികരങ്ങളായ സൂക്ഷമാണുക്കളെ തുരത്താനും കഴിയും. വിളകളുടെ വേരിനുചുറ്റും സുരക്ഷിതവലയം തീർത്ത് കീടരോഗ ബാധയിൽനിന്നും അകറ്റി നിർത്താനുമാവും. 

എളുപ്പം തയ്യാറാക്കാം

ഇഫക്ടീവ് മൈക്രോ ഓർഗാനിസം വിപണിയിൽ ലഭ്യമാണെങ്കിലും കുറഞ്ഞ ചെലവിൽ നമുക്കും മിശ്രിതം തയ്യാറാക്കാം. ഇതിനായി 300 ഗ്രാംവീതം മത്തനും പഴുത്ത പപ്പായയും വാഴപ്പഴവും 100 ഗ്രാം പയറിന്റെ വേരും ഒരു ലിറ്റർ വെള്ളത്തിൽ അരച്ചു ചേർക്കണം. ഇതിൽ ഒരു കോഴിമുട്ട ഉടച്ചൊഴിച്ച് വായവട്ടം കുറഞ്ഞ പാത്രത്തിൽ അടച്ച് 45 ദിവസം സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന 30 മില്ലി മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കാം. പറമ്പിലെ ജൈവവസ്തുക്കൾ ആറിഞ്ച് കനത്തിൽ അട്ടിയിട്ട് അതിന് മുകളിലായി പച്ചചാണകം കലക്കിയതും ഇഎം ലായനിയും തളിച്ചു വച്ചാൽ ഒന്നരമാസത്തിനകം കമ്പോസ്റ്റ് തയ്യാറാക്കാം. പല ജൈവവളങ്ങൾക്കും കീടനാശിനികൾക്കുമുളള അടിസ്ഥാന ഘടകം കൂടിയാണ് ഇഎം ലായനി. മണ്ണിലുളള സൂക്ഷ്‌മജീവികളുടെ എണ്ണം കൂട്ടി വിളകളുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുമിത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!