പ്രായമാകുന്തോറും ജനിതക വ്യവസ്ഥയൊഴികെയുള്ള മനുഷ്യശരീരത്തിന്റെ എല്ലാഭാഗങ്ങളിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. വാർധക്യത്തിലേക്ക് കടക്കുന്നവർക്കിടയിൽ വൃക്കസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ധാരാളമായി കണ്ടുവരുന്നു. ഇത് രോഗിയ്ക്കും ആരോഗ്യവിദഗ്‌ധർക്കും ഒരേപോലെ വെല്ലുവിളി സൃഷ്ടിക്കുന്നവയാണ്. പ്രായമായവരെ ബാധിക്കുന്ന വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ എന്തൊക്കെ? അവരുടെ ആരോഗ്യത്തെ അത് എങ്ങനെ ബാധിക്കുന്നു? അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ എന്തൊക്കെ?
ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH)
പ്രായമായവരിലെ വൃക്ക സംബന്ധമായ രോഗാവസ്ഥകളിലൊന്നാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH). പുരുഷൻമാരിൽ പ്രായമാകുന്തോറും പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകാൻ തുടങ്ങുകയും ഇടവിട്ടുള്ള മൂത്രശങ്ക പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യാം. ഇതിലൂടെ വ്യക്തികളുടെ സാധാരണ ജീവിതം താറുമാറാകുകയും ചെയ്യും. കൂടാതെ വ്യക്തികളുടെ ഉറക്കത്തെയും ദിനചര്യയേയും താളംതെറ്റിക്കാനും ഈ രോഗം കാരണമായേക്കാം.
ജീവിതശൈലിയിലെ മാറ്റം, മരുന്നുകൾ, ശസ്ത്രക്രിയ എന്നിവയിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാകും. രോഗലക്ഷണങ്ങൾ വിലയിരുത്തിയശേഷമായിരിക്കണം ചികിത്സ നിശ്ചയിക്കേണ്ടത്. രോഗിയുടെ ആരോഗ്യസ്ഥിതിയും കൃത്യമായി പരിശോധിക്കണം.
മൂത്രശങ്ക
പ്രായമായ സ്ത്രീകളേയും പുരുഷൻമാരേയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് അനിയന്ത്രിതമായ മൂത്രശങ്ക. ഹോർമോൺ വ്യതിയാനം, പെൽവിക് മസിലുകളുടെ ബലക്കുറവ്, നാഡീപ്രശ്‌നങ്ങൾ എന്നിവയെല്ലാം ഈ രോഗാവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഇത് വ്യക്തികളുടെ മാനസികാരോഗ്യത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുന്നു.
ശരിയായ പരിശോധനയിലൂടെ മാത്രമെ ഈ രോഗാവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാനാകൂ. ശരീര പരിശോധനയും ഇതിനാവശ്യമാണ്. പെൽവിക് ഫ്ളോർ വ്യായാമം, മരുന്നുകൾ, സർജറി, എന്നിവയിലൂടെ രോഗം പൂർണ്ണമായി ഭേദപ്പെടുത്താനാകും. രോഗികൾ തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഡോക്ടറോട് തുറന്ന് പറയാൻ ശ്രമിക്കണം. എന്നാൽ മാത്രമെ രോഗം എത്രമാത്രം ഗുരുതരമായിക്കഴിഞ്ഞുവെന്ന് വിലയിരുത്താൻ സാധിക്കുകയുള്ളു.
മൂത്രത്തിൽ കല്ല്
പ്രായമായവരെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗമാണ് മൂത്രത്തിൽ കല്ല്, രോഗികൾക്ക് വലിയ വേദന സമ്മാനിക്കുന്ന രോഗാവസ്ഥ കൂടിയാണിത്. നിർജ്ജലീകരണം, ഭക്ഷണക്രമം എന്നിവയെല്ലാം ഈ രോഗത്തിന് കാരണമാകും. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.
ധാരാളം വെള്ളം കുടിക്കുക, ശരിയായ ഭക്ഷണക്രമം, മെറ്റാബോളിസത്തിലുണ്ടാകുന്ന വ്യത്യാസം ക്രമീകരിക്കാൻ മരുന്ന് കഴിക്കുക, എന്നിവയിലൂടെ ഈ രോഗത്തെ അകറ്റിനിർത്താം. ചില സാഹചര്യത്തിൽ ലിത്തോട്രിപ്സി, അല്ലെങ്കിൽ സർജറി പോലുള്ളവ ചെയ്ത് രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. വൃക്കയിലുണ്ടാകുന്ന വലിപ്പം കൂടിയ കല്ലുകൾ ശസ്ത്രക്രിയയിലൂടെ മാറ്റാനും സാധിക്കും.
പ്രോസ്റ്റേറ്റ് കാൻസർ
പ്രായമായ പുരുഷന്മാരിൽ കണ്ടുവരുന്ന പ്രധാന രോഗങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. നേരത്തെ രോഗം കണ്ടെത്തുന്നതിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തി രോഗം സുഖപ്പെടുത്താൻ സാധിക്കും. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻ്റിജൻ ടെസ്റ്റുകൾ(പി.എസ്.എ.ടി), ഡിജിറ്റൽ മലാശയ പരിശോധനകൾ തുടങ്ങിയവയിലൂടെ രോഗനിർണയം നടത്താൻ കഴിയും. രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ ചെയ്യേണ്ടത്. സർജറി, റേഡിയേഷൻ തെറാപ്പി, ഹോർമോൺ തെറാപ്പി, എന്നിവ രോഗം ഭേദമാക്കാനായി ഉപയോഗിക്കാറുണ്ട്.
പ്രോസ്റ്റേറ്റ് കാൻസറിൻ്റെ അപകടങ്ങളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും പ്രായമായ പുരുഷൻമാരുമായി ആരോഗ്യവിദഗ്‌ധർ ചർച്ച നടത്തേണ്ടത് അത്യാവശ്യമാണ്.
പ്രായമായവരിലെ വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ സങ്കീർണ്ണമായ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. രോഗനിർണയത്തിനും അവ പരിഹരിക്കാനും സമഗ്രമായ സമീപനം ആവശ്യമാണ്. ആരോഗ്യ വിദഗ്ധർ പ്രായമായ രോഗികളുടെ ആവശ്യങ്ങളറിഞ്ഞ് പെരുമാറുകയും ഫലപ്രദമായ ചികിത്സാ പദ്ധതികൾ വികസിപ്പിക്കുന്നതിന് അവരുമായി സഹകരിച്ച് പ്രവർത്തിക്കുകയും വേണം. പ്രായമായവരിൽ വൃക്ക സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല പ്രായമായവരുടെ ക്ഷേമം ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും.