സംശയത്തിന്റെ പേരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം; പ്രതി പിടിയില്‍ 

Share our post

കോലഞ്ചേരി: സംശയത്തിൻ്റെ പേരിൽ ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് വീട്ടിൽ ഷൈജു (37) വിനെയാണ് ഭാര്യ ശാരി (36) യെ കൊലപ്പെടുത്തിയ കേസിൽ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കാണപ്പെട്ടു എന്ന പരാതിയിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് 5.30-നും 6.30-നും ഇടയിലായിരുന്നു സംഭവം നടന്നത്. ശാരിയെ വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നാണ് ഷൈജു ചോറ്റാനിക്കരയിലെ ആശുപത്രിയിൽ ഡോക്‌ടറോടും പോലീസിനോടും ആദ്യം നൽകിയ മൊഴി. ശാരിയെ രക്ഷിക്കുന്നതിനു വേണ്ടി ആത്മഹത്യക്കുപയോഗിച്ച ഷാൾ മുറിച്ച് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെന്നും പറഞ്ഞു. മൊഴിയിൽ സംശയം തോന്നിയതിനാൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ക്രിസ്‌മസ് ദിനത്തിൽ ഉച്ചയ്ക്കുശേഷം മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടർന്ന് അവശനിലയിലായ ശാരിയുടെ കഴുത്തിൽ ചുരിദാറിൻ്റെ ഷാൾ മുറുക്കി. മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേർത്ത് അമർത്തി. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിനു കഴിയാതെ വന്നപ്പോൾ നാട്ടുകാരോട് ഭാര്യ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടുകാരുട സഹായത്തോടെ ആശുപത്രിയിലെത്തിയതോടെ ഡോക്‌ടറോട് ആത്മഹത്യ ചെയ്‌തതാണെന്ന് പറഞ്ഞു.

ആശുപത്രിയിലെ ഡോക്‌ടർ ഷൈജു പറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയതോടെ പോലീസിലറിയിക്കുകയും ചെയ്‌തു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ട‌റുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവുകളും ഷൈജുവിൻ്റെ പരസ്പ‌രവിരുദ്ധമായ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തിൽ നിർണായകമായി.

പുത്തൻകുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയൻ, ഇൻസ്പെക്ട‌ർമാരായ കെ.പി. ജയപ്രസാദ്, കെ.ജി. ഗോപകുമാർ, ഡി.എസ്. ഇന്ദ്രരാജ്, വി. രാജേഷ് കുമാർ, എ.എസ്.ഐ. ബിജു ജോൺ, സി.പി.ഒ. രൂപേഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!