സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് പേരാവൂരിൽ കുന്നിടിക്കലും വയൽ നികത്തലും തകൃതി

Share our post

പേരാവൂർ: പുതിയ വീട് നിർമിക്കുമ്പോൾ ലഭ്യമാവുന്ന മണ്ണ് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കിയ സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് മലയോരത്ത് കുന്നിടിക്കലും ചതുപ്പ് നികത്തലും വ്യാപകമാവുന്നു. ത്രിതല പഞ്ചായത്തുകൾ നൽകുന്ന അനുമതിയുടെ നൂറിരട്ടി വരെ മണ്ണിടിക്കലും ചതുപ്പ് നികത്തലും വ്യാപകമായിട്ടും ഇതിനെതിരെ ചെറുവിരലനക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് പരാതി.

2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം , പ്ലിന്ത് ഏരിയ മൂവായിരം അടി വരെ വിസ്തീർണമുള്ള വീടുകളുടെ തറ നിർമിക്കുമ്പോൾ ലഭിക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കാമെന്നാണുള്ളത്. ഇതിന് മുകളിലുള്ള മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ജിയോളജി വകുപ്പിന്റെ അനുമതി നിർബന്ധവുമാണ്. എന്നാൽ, പഞ്ചായത്തുകൾ നൽകുന്ന ഇത്തരം അനുമതിയുടെ മറവിൽ പേരാവൂർ, കോളയാട്, കൊട്ടിയൂർ, കണിച്ചാർ, കേളകം, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഉത്തരവ് ദുരുപയോഗം ചെയ്ത് വലിയ കുന്നുകൾ വ്യാപകമായി ഇടിക്കുകയാണ്. ഇതിനെതിരെ പോലീസിലോ മറ്റോ പരാതിപ്പെട്ടാൽ പഞ്ചായത്ത് സെക്രട്ടറി നല്കിയ മൂവ്‌മെന്റ് പെർമിറ്റ് കാണിച്ച് പ്രകൃതി ചൂഷകർ രക്ഷപ്പെടുകയുമാണ്. മണ്ണ് വില്പനക്ക് വ്യാപകമായി മലയോരത്ത് ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.

കെട്ടിട നിർമാണത്തിനായി ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മണ്ണ് നീക്കം ചെയ്യുന്നതിന് മിനറൽ ട്രാൻസിസ്റ്റ് പാസ് ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് കെട്ടിട നിർമാണാനുമതിയും ഭൂവികസന അനുമതിയും ആവശ്യമാണ്. നിരപ്പാക്കേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും ആയതിന് എടുക്കേണ്ട മണ്ണിന്റെ അളവുമുൾപ്പെടുത്തിയുള്ള ബിൽഡിംഗ് പ്ലാൻ കൂടി അപേക്ഷക്കൊപ്പം നല്കണം. ഭൂവികസന അനുമതി നല്കാൻ സ്ഥല പരിശോധന നടത്തി മണ്ണ് നീക്കം ചെയ്യുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തുകയും മണ്ണ് നീക്കം ചെയ്ത ശേഷം വീണ്ടും സ്ഥല പരിശോധന നടത്തിയും മാത്രമേ പഞ്ചായത്ത് സെക്രട്ടറിമാർ ബിൽഡിംഗ് പെർമിറ്റ് നല്കാവൂ എന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ, ആവശ്യമായ രേഖകൾ രണ്ടും ഒരുമിച്ച് ലഭിക്കുന്നില്ലെന്ന സാഹചര്യം കണക്കിലെടുത്താണ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയത്.

നിശ്ചിത ഘനയടി മണ്ണിടിക്കുന്നതിനും മറ്റൊരിടത്തേക്ക് നീക്കം ചെയ്യുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നല്കിയതോടെ മണ്ണ് മാഫിയകൾ മലയോരത്തെ കുന്നുകൾ വ്യാപകമായി ഇടിച്ചു നിരത്തുകയും ചതുപ്പ് സ്ഥലങ്ങൾ നികത്തുകയും ചെയ്യുകയാണ്. തുടർച്ചയായ അവധി ദിനങ്ങളിലും വാരാന്ത്യ ദിവസങ്ങളിലും അനധികൃത മണ്ണിടിക്കൽ കൂടുതലാണ്. അനുവദിച്ചതിലും എത്രയോ മടങ്ങ് കൂടുതൽ മണ്ണിടിച്ചാലും അതിന്റെ അളവ് നിജപ്പെടുത്താനോ കേസെടുക്കാനോ പോലീസിന് സാധിക്കുന്നുമില്ല.

പഞ്ചായത്തനുമതിയുടെ ബലത്തിൽ കുന്നിടിച്ച മണ്ണ് വ്യക്തികൾ എവിടെ നിക്ഷേപിക്കുന്നുവെന്നതിന് സ്ഥലമുടമയുടെ അനുമതിയും അത് പരിശോധിച്ച് വയലുകളോ പരിസ്ഥിതി ലോല പ്രദേശമൊ തണ്ണീർതടങ്ങളോ ചതുപ്പോ അല്ലെന്ന് പരിശോധിച്ച് അവിടെ നിക്ഷേപിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുകയും ചെയ്യാൻ അധികൃതർ തയ്യാറാവുന്നില്ല. പത്ത് ലോഡിന് മുകളിൽ മണ്ണ് പുറത്തേക്ക് കൊണ്ടുപേകേണ്ടതുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ മാനേജ്‌മെന്റ് കമ്മറ്റിയുടെ കൂടി പരിശോധനയും അനുമതിയും കൂടി നിർബന്ധമാക്കിയാൽ അനധികൃത കുന്നിടിക്കലും ചതുപ്പ് നികത്തലും തടയാനാവും.

വേനലിൽ കടുത്ത കുടിവെള്ള ക്ഷാമമനുഭവപ്പെടുന്ന മലയോരത്ത് കുന്നിടിക്കലും ചതുപ്പ് നികത്തലും വ്യാപകമായിട്ടും ഇതിനെതിരെ ശബ്ദമുയർത്താൻ പ്രകൃതി സംരക്ഷണ സംഘടനകളോ യുവജന സംഘടനകളോ തയ്യാറാവുന്നില്ല. വേനലിൽ കടുത്ത കുടിവെള്ളക്ഷാമമുണ്ടാവുമെന്ന മുന്നറിയിപ്പ് നിലനില്‌ക്കെയാണ് ജലസ്രോതസുകൾ നശിപ്പിച്ച് കുന്നിടിക്കലും ചതുപ്പ് നികത്തലും നിർബാധം തുടരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!